വാടാനപ്പിള്ളി: ദേശീയ പാതയിൽ ചിലങ്ക സെന്ററിന് സമീപം സ്‌കൂട്ടറിന് പിറകിൽ കാറിടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മാതാവിന് പരിക്കേറ്റു. വാടാനപ്പിള്ളി മത്സ്യ ലേല മാർക്കറ്റിന് പടിഞ്ഞാറ് പെരിങ്ങ വീട്ടിൽ സുധീഷിന്റെ മകൻ ആദിഷാണ് (10) മരിച്ചത്. പരിക്കുകളോടെ മാതാവ് അനിതയെ (35) ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.10 നായിരുന്നു അപകടം. പെൻഷൻകാർക്ക് വിതരണം ചെയ്യാനായി വാടാനപ്പിള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് ലഭിച്ച പത്ത് ലക്ഷം രൂപയോളം വരുന്ന പെൻഷൻ തുകയുമായി അനിത മകനോടൊപ്പം സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു പിറകിൽ കാറിടിച്ചത്. ഇടിയുടെ ശക്തിയിൽ സ്‌കൂട്ടറിന് പിറകിലിരുന്ന ആദിഷ് കാറിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിഷിനെയും അനിതയെയും ഉടൻ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിഷ് മരിച്ചു.
അനിത അപകട നില തരണം ചെയ്തു. ഇടിയുടെ ശക്തിയിൽ കാറിന്റെ മുൻ ഭാഗവും സ്‌കൂട്ടറും തകർന്നു. വൻ തുക പെൻഷൻകാർക്ക് വിതരണം ചെയ്യാനുള്ളതിനാലാണ് അനിത മകനുമായി പോയത്. 10 ലക്ഷം രൂപയിൽ ഒന്നര ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. ബാക്കി എട്ടര ലക്ഷം രൂപ വാഹനത്തിൽ ഉണ്ടായിരുന്നു. പൊലീസ് എത്തി പണം സ്റ്റേഷനിൽ കൊണ്ടുപോയി എണ്ണി തിട്ടപ്പെടുത്തി. മരിച്ച ആദീഷ് കണ്ടശാംകടവ് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ ആഘ്‌നേഷ് (5). സംസ്‌കാരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് നടക്കും.