തൃശൂർ: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി, അയ്യപ്പന്റെ പേരുപറഞ്ഞ് വോട്ട് ചോദിച്ചതിന് തൃശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നോട്ടീസ് നൽകി.
48 മണിക്കൂറിനകം വിശദീകരണം നൽകണം.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് കഴിഞ്ഞ വെള്ളിയാഴ്ച തേക്കിൻകാട് മൈതാനത്തെ എൻ.ഡി.എ കൺവെൻഷനിൽ സുരേഷ് ഗോപി പ്രസംഗിച്ചതെന്നാണ് നോട്ടീസിൽ പറയുന്നത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് നോട്ടീസ് നൽകിയത്.
പ്രസംഗം ഇങ്ങനെ: ''ഞാൻ തൃശിവപേരൂരുകാരുടെ മുന്നിലേക്ക് വരുമ്പോൾ തൃശിവപേരൂരുകാരുടെ കേരളത്തിന്റെ ഒരു പരിച്ഛേദത്തിനോടാണ്, ശബരിമലയുടെ പശ്ചാത്തലത്തിൽ വോട്ടിനു വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യൻ, എന്റെ അയ്യൻ, നമ്മുടെ അയ്യൻ, ആ അയ്യൻ എന്റെ വികാരമാണെങ്കിൽ ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതത്തിൽ മുഴുവൻ അയ്യന്റെ ഭക്തർ അത് അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടുപിടിക്കേണ്ട. ഒരു യന്ത്രത്തിന്റെയും കൂട്ട് പിടിക്കേണ്ട. നിങ്ങൾക്ക് ഒന്ന് മുട്ടുമടങ്ങി വീഴാൻ, നിങ്ങളുടെ മുട്ടുകാലുണ്ടാകില്ല. അത്തരത്തിൽ ചർച്ചയാകും. അതുകൊണ്ട് തന്നെ എന്റെ പ്രചാരണ വേളകളിൽ ശബരിമല എന്ന് പറയുന്നത് ഞാൻ ചർച്ചയാക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയാണിവിടെ.''