tv-anupama

തൃശൂർ: തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും വോട്ടർമാരുടെ ജാതിയുടെയും സാമുദായിക വികാരത്തിന്റെയും അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു. ജാതികൾ, സമുദായങ്ങൾ, മതവിഭാഗങ്ങൾ, ഭാഷാവിഭാഗങ്ങൾ എന്നിവ തമ്മിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷമോ സംഘർഷമോ ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും ഏർപ്പെടരുത്. ക്ഷേത്രങ്ങൾ, മുസ്ലീം പള്ളികൾ, ചർച്ചുകൾ, ഗുരുദ്വാരകൾ മറ്റ് ആരാധനാലയങ്ങൾ എന്നിവ പ്രസംഗം, പോസ്റ്ററുകൾ, പാട്ടുകൾ എന്നിങ്ങനെ ഒരു തരത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കുമുള്ള വേദിയാക്കി ഉപയോഗിക്കരുത്. മറ്റു പാർട്ടികളുടെ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തെക്കുറിച്ച് വിമർശനവും പാടില്ല. പരിശോധിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലും വളച്ചൊടിച്ചും നടത്തുന്ന വിമർശനങ്ങൾ ഒഴിവാക്കണം. രാജ്യത്തിന്റെ സൈനികരുടെ ചിത്രങ്ങളോ സൈനികർ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളോ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പരസ്യങ്ങളിൽ ഉപയോഗിക്കരുത്. സൈനികർ ഉൾപ്പെടുന്ന പ്രവൃത്തികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്താൻ പാടില്ലെന്നും വ്യക്തമാക്കി.