chimmony
അർബുദത്തെ കീഴടക്കിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ ചിമ്മിനിയിൽ ഒത്തുകൂടിയപ്പോൾ

പുതുക്കാട്: ആത്മവിശ്വാസത്തിൽ അർബുദത്തെ കീഴടക്കിയ അമ്പതോളം പേർ ഒത്തുകൂടി. സ്വച്ഛന്ദമായ ചിമ്മിനി വനാന്തരങ്ങളിൽ. ഇവരിൽ ആർക്കും പരാതിയും പരിഭവങ്ങളും ഇല്ല, മനസ്സിൽ നിന്നുള്ള സ്‌നേഹം മാത്രം. കാൻസർ രോഗത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ചിമ്മിനി ഡാമിൽ ഒത്തുചേർന്നത്. മധുവിധുവിന്റെ ആദ്യമാസങ്ങളിൽ രോഗലക്ഷണങ്ങൾ കണ്ടതോടെ ഭർത്താവ് ഉപേക്ഷിച്ച യുവതി, അസുഖം തിരിച്ചറിഞ്ഞപ്പോൾ ഭാര്യ ഉപേക്ഷിച്ച യുവാവ്, രോഗം തിരിച്ചറിയാനും ചികിത്സയും വൈകിയതിനാൽ നടക്കാൻ പറ്റാതായവർ തുടങ്ങി അവശതയുള്ള വരും ഉണ്ടായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരുടെ കൂട്ടത്തിൽ.

മിക്കവരും ആദ്യമായി കാണുന്നവരാണ്. വാട്‌സ് അപ്പ് കൂട്ടായ്മയിലൂടെ പരിചയപെട്ടവരാണ് എല്ലാവരും. ബാലകൃഷ്ണൻ, നന്ദു, ശാലിനി, മുല്ല, ജസ്റ്റിൻ... അങ്ങനെ അതിജീവനത്തിന്റെ പാതയിൽ ഉള്ള അമ്പതോളം പേരിൽ പലരും പൂർണ്ണമായും സുഖപെട്ടവർ. ചിലർ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവർ. ഇവരിൽ സഹതാപത്തിന്റെ കണ്ണുകൾ ഇല്ല. മുഴുവൻ പേരിലും ആത്മവിശ്വസത്തിന്റെ ജ്വാലകൾ മാത്രം. തോൽക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചവരുടെ പോരാട്ടവീര്യം കൂടി ആണ് ഈ കൂടിച്ചേരലിൽ പ്രതിഫലിച്ചത്.

ഒരമ്മയുടെ മക്കളല്ലെങ്കിലും എല്ലാവരും സഹോദര തുല്യർ. ജാതി, മതം, ലിംഗം തുടങ്ങിയ വേർതിരിവുകൾ ഒന്നും ഇവരിൽ കണ്ടില്ല. സ്‌നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന ഒന്നായി ചിമ്മിനി ഡാം മാറി. കാൻസർ ഒരു രോഗമേ അല്ലെന്നും എന്ത് വന്നാലും ആത്മവിശ്വസത്തോടെ നേരിടാൻ സാധിക്കും എന്ന് തെളിയിച്ചവരുടെ കൂട്ടായ്മയാണ് കണ്ടത്. ഒരു കൂട്ടായ്മയ്ക്ക് അപ്പുറം തോറ്റു കൊടുക്കില്ല എന്ന് തീരുമാനിച്ചവരുടെ, വേദനകളെയും ദുരിതങ്ങളെയും പുഞ്ചിരികൊണ്ടും ആത്മവിശ്വസം കൊണ്ടും നേരിട്ട് കാൻസർ രോഗത്തെ തോൽപ്പിച്ച പോരാളികളുടെ സംഘമായിരുന്നു അവർ.

ഒരുരാവും രണ്ട് പകലുമായി എല്ലാം മറന്ന് അവർ ആടി, പാടി, കളിച്ചു, ചിരിച്ചു. കുഞ്ഞു കുഞ്ഞു പ്രശ്‌നങ്ങളിൽ തളർന്നിരിക്കാനോ മരവിച്ചു പോകാനോ ഉള്ളതല്ല ജീവിതം മറിച്ച് നേടാനും ആഘോഷിക്കാനും ഉള്ളതാണെന്ന് അവർ അനുഭവം കൊണ്ട് മനസിലാക്കി. ജീവിതം പൊരുതി നേടാൻ ഉള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും എന്ന് ചങ്കുറപ്പോടെ സമൂഹത്തിന് കാട്ടി തന്നവരുടെ ഒത്തുചേരൽ ഇനിയും ഉണ്ടാകണം എന്ന് ഉറപ്പിച്ചാണ് എല്ലാവരും പിരിഞ്ഞത്.