തൃശൂർ: അവിണിശേരിയിൽ നടന്ന സ്വീകരണത്തിൽ കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വിൽസൺ പള്ളിപ്പാടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് ആശംസ അറിയിക്കാനെത്തി. രാവിലെ ചെറ്റക്കുളത്ത് നിന്ന് ആരംഭിച്ച് കല്ലിട വഴിയിലാണ് പര്യടനം അവസാനിച്ചത്.
പൊക്കക്കുറവിനെ അതിജീവിച്ച വി.ജി. ശിവദാസൻ്റെ സ്വീകരണം മുള്ളക്കര കേന്ദ്രത്തിൽ ശ്രദ്ധേയമായി.
പാറളത്ത് എം.എസ്. നഗറിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം.എസ്.പരമേശ്വരന്റെ പത്‌നി ശാരദയും ഉണ്ടായിരുന്നു. രാജാജിക്ക് അനുഗ്രഹങ്ങൾ നൽകിയാണ് ശാരദാമ്മ അവിടെ നിന്നും പോയത്. താന്ന്യം കരാട്ടെ അകായിൽ ബേക്കറിയുടമയും എ.ഐ.വൈ.എഫ് പ്രവർത്തകനുമായ ശ്രീവാസ് രാജാജിയുടെ ചിത്രം ആലേഖനം ചെയ്ത വലിയ കേക്ക് നിർമ്മിച്ച് നൽകിയാണ് സ്വീകരിച്ചത്. രാജാജി കേക്ക് മുറിക്കുകയും മധുരം പങ്കിടുകയും ചെയ്തു. താന്ന്യത്ത് കുരുത്തോല കൊണ്ട് കിരീടമണിയിച്ചാണ് വരവേറ്റത്.
തുറന്ന വാഹനത്തിലുള്ള നാട്ടിക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടന പരിപാടി അവസാനിച്ചു. തിങ്കളാഴ്ച ഒല്ലൂർ മണ്ഡലത്തിലാണ് പര്യടനം.