കൊടുങ്ങല്ലൂർ: ശ്രീകുരുംബക്കാവിലെ മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ചുള്ള അശ്വതി കാവ് തീണ്ടലിൽ ജനസഹസ്രങ്ങൾ പങ്കു കൊണ്ടു. ഭരണി മഹോത്സവത്തിന്റെ ആരവം മൂർദ്ധന്യാവസ്ഥയിലേക്കെത്തിച്ച കാവ് തീണ്ടൽ ഉന്നലെ വൈകീട്ട് നാലേ കാലോടെയാണ് നടന്നത്. ആചാരവിധി പ്രകാരം പ്രത്യേക വേഷവിധാനങ്ങളോടെ, ക്ഷേത്രാങ്കണത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥാനം പിടിച്ചിരുന്ന പാലക്കവേലൻ സ്ഥാനക്കാരനായ ദേവിദാസന്റെ നേതൃത്വത്തിലായിരുന്നു കാവ് തീണ്ടലെന്നാണ് സങ്കൽപ്പം.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ഷേത്രനട അടച്ച് തൃച്ഛന്ദനച്ചാർത്ത് പൂജയ്ക്കുള്ള ഒരുക്കം ആരംഭിച്ചു. ഈ സമയം ക്ഷേത്രം രക്ഷാധികാരി സ്ഥാനമുള്ള കൊടുങ്ങല്ലൂർ കോവിലകത്തെ വലിയതമ്പുരാനും അനുചരന്മാരും മാത്രമേ അടികൾമാർക്ക് പുറമെ ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നുള്ളൂ.

മണിക്കൂറുകളുടെ ദൈർഘ്യമുള്ള പൂജ ശ്രീകോവിലിനകത്ത് പൂർത്തീകരിച്ച് അടികൾമാർ പുറത്തിറങ്ങിയതിന് പിറകെ, ക്ഷേത്രത്തിനകത്തുണ്ടായിരുന്നവരെല്ലാം കിഴക്കേ നടവഴി പുറത്തിറങ്ങി, ഇതിന് സമീപത്തെ നിലപാട് തറയിലേക്കെത്തിയ വലിയതമ്പുരാന്റെ നിർദ്ദേശമുൾക്കൊണ്ട് ആശ്രിതനായ കോയ്മ പട്ടുക്കുട നിവർത്തിയതോടെ ഇത് അടയാളമായെടുത്താണ് കാവ് തീണ്ടൽ ആരംഭിച്ചത്. അവകാശത്തറകളിൽ സ്ഥാനം പിടിച്ചിരുന്നവരൊന്നടങ്കം, മക്ഷേത്രത്തെ വലംവെച്ചോടി കൈയിൽ കരുതിയിരുന്ന മുളം തണ്ടുകളാൽ ക്ഷേത്രമേൽക്കൂര പൊതിഞ്ഞിട്ടുള്ള ചെമ്പോലകളിൽ അടിച്ചും, വഴിപാടുകൾക്കൊപ്പം താള വടികളും മറ്റും ക്ഷേത്രമേൽക്കൂരയിലേക്ക് വലിച്ചെറിഞ്ഞുമൊക്കെയാണ് കാവ് തീണ്ടിയത്. യുദ്ധസമാനമെന്നോണമുള്ള ഈ ആവേശം കെട്ടടങ്ങിയതോടെ ഭരണി മഹോത്സവത്തിന്റെ ആരവവുമടങ്ങി.

രേവതിവിളക്ക് ദർശിച്ച് സായൂജ്യമടഞ്ഞ്, ക്ഷേത്രാങ്കണത്തിലും പരിസരത്തുമായി തമ്പടിച്ച്, രാത്രിയിൽ ഉറക്കമൊഴിച്ച ശേഷം പുലർച്ചെ കടലിൽ കുളിച്ച് ശുദ്ധി വരുത്തി. കാര വാക്കടപ്പുറത്തും പുതിയ റോഡ് കടപ്പുറത്തും ആറാട്ടുവഴിയിലും ദേവീ ഭക്തരുടെ തിരക്കായിരുന്നു. തുടർന്ന് ഉച്ചയോടെ വേണാടൻ കൊടികൾ വഹിച്ചും അല്ലാതെയും അവരവരുടെ പ്രദേശത്തെ വിവിധങ്ങളായ ആചാരക്രമങ്ങളെ പിൻപറ്റി, കൂട്ടം കൂട്ടമായെത്തിയാണ് ഓരോ സംഘവും അവകാശപ്പെട്ട ഇടങ്ങളിൽ സ്ഥാനം പിടിച്ചത്. ഇവർ മടങ്ങാനാരംഭിച്ചതോടെ അധഃസ്ഥിത വിഭാഗങ്ങളിൽ നിന്നുള്ള ഭക്തർ കാളകളി, പാനകളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളവതരിപ്പിച്ച് ക്ഷേത്രാങ്കണത്തിലെത്തി, മുടിയേറ്റ് ഉൾപ്പെടെയുള്ളവ നടത്തി. ഭരണി നാളായ ഇന്ന് ദേവിക്ക് വരിയരി പായസ നേദ്യം സമർപ്പിക്കൽ, മത്സ്യമേഖലയിൽ നിന്നുള്ളവരുടെ താലി സമർപ്പണം, കുുശ്മാണ്ഡബലി, വെന്നിക്കൊടി നാട്ടൽ എന്നിവ നടക്കും.