ചാലക്കുടി: കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല, സാക്ഷാൽ പനമ്പിള്ളി തോൽക്കുകയോ !. പിന്നെ പരക്കംപ്പാച്ചിൽ, വെപ്രാളം... ഒടുവിൽ ആ ദുഃഖ വാർത്തയ്ക്ക് സ്ഥിരീകരണം. അതോടെ പൊട്ടിക്കരച്ചിലായിരുന്നു, നെഞ്ചിലെ നീറ്റൽ തീരും വരെ.
1957 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലഘട്ടത്തെ ഓർത്തെടുക്കുകയാണ് പരിയാരം പഞ്ചായത്തിന്റെ സ്വന്തം മാത്യുമാഷ്. രാവും പകലും പനമ്പിള്ളി ഗോവിന്ദ മേനോനായി പ്രവർത്തിച്ചു. കാളവണ്ടിയിൽ പ്രചരണം, വീടുവീടാന്തരം കയറിയിറങ്ങി വോട്ട് അഭ്യർത്ഥന, നാൽക്കവലകളിലെ പ്രസംഗം എല്ലാം പൊടിപൊടിച്ചു. വിജയം തങ്ങളുടെ കൈപ്പിടിയിലെന്ന് ഉറച്ച വിശ്വാസമായിരുന്നു അന്ന്. എന്നാൽ ജനവിധി എല്ലാം തകർത്തു.
ദ്വയാംഗ മണ്ഡലമായിരുന്ന ചാലക്കുടിയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന പനമ്പിള്ളിയെ കടപുഴക്കിയത് പുതുക്കാട്ടുകാരൻ സി.ജി. ജനാർദ്ദനൻ. ഇതോടൊപ്പം ഇടതുപക്ഷത്തെ പി.കെ. ചാത്തൻ മാസ്റ്ററും വിജയക്കൊടി നാട്ടി. കെ.കെ. ബാലകൃഷ്ണനായിരുന്നു എതിരാളി. അരനൂറ്റാണ്ട് മുമ്പ് നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് കാഞ്ഞിരപ്പിള്ളിയിലെ വീട്ടിലിരുന്ന് അയവിറക്കുകയാണ് വടക്കുംപാടൻ മാത്യു.
ഓർത്തെടുക്കാനും പങ്കുവയ്ക്കാനും പൊതു പ്രവർത്തനത്തിന്റെ ഒരായിരം അനുഭവങ്ങൾ അദ്ദേഹത്തിന് ഒപ്പമുണ്ട്. മൂന്നുവർഷത്തെ പരിയാരം പഞ്ചായത്തിന്റെ സാരഥ്യം, തുടർന്ന് ആ സ്ഥാനത്തേക്ക് സഹധർമ്മിണി മേഴ്‌സി മാത്യുവിനെ എത്തിച്ച രാഷ്ട്രീയ പശ്ചാത്തലം. ആദർശ രാഷ്ട്രീയം നോക്കുകുത്തിയാകുമ്പോൾ മനംനൊന്ത നാളുകൾ. പിന്നിട്ട കാലം അദ്ദേഹത്തിന് കൂടുതലും ദുരനുഭവങ്ങളുടേതാണ്. നാട്ടുകാരും പാർട്ടി പ്രവർത്തകരും ഒന്നടങ്കം വാർഡിലെ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വഴങ്ങി. എന്നാൽ നേതാക്കളിലെ ചിലർ പിന്നാമ്പുറത്ത് കുതന്ത്രങ്ങൾ പ്രയോഗിച്ചു.
പനമ്പിള്ളി ചൂണ്ടിക്കാട്ടിയ വഴിയേ സഞ്ചരിച്ച തനിക്ക് ഒടുവിൽ മനം മടുത്ത് മാറേണ്ടി വന്നു- വി.സി മാത്യു പറഞ്ഞു. ആ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഒടുവിൽ ഇടത്തേക്ക് മാറി പഞ്ചായത്തിലെ പ്രഥമ പൗരനുമായി. 1993 കാലഘട്ടമായിരുന്നു അത്. ജനസേവനം മാത്രം ലക്ഷ്യമിട്ട പ്രവർത്തനം, തുടർന്ന് ഭാര്യ മേഴ്‌സിയും പാർലമെന്ററി രംഗത്ത് ഇറങ്ങി. വനിതാ വാർഡായ കാഞ്ഞിരപ്പിള്ളിയിൽ നിന്നും ജയിച്ച മേഴ്‌സിയും പരിയാരത്തിന്റെ അമരത്തെത്തി. അദ്ധ്യാപകവൃത്തിയിൽ നിന്നും വിടപറഞ്ഞ വേളയിൽ ജനപ്രതിനിധി ആയത് തികച്ചും യാദൃശ്ചികം.
ഇന്നും യാഥാർത്ഥ്യമാകാത്ത കാഞ്ഞിരപ്പിള്ളി പോത്തിറച്ചി ഫാക്ടറിയുടെ പേരിലുള്ള നെട്ടോട്ടം, കുടിവെള്ള പ്രശ്‌നങ്ങൾക്കായി അഞ്ചലോട്ടം, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ഇവയെല്ലാം മാത്യുമാഷ് പിന്നിട്ട ജീവിതത്തിന്റെ നേർവഴികൾ. വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോൾ ഇനിയും ഏറെ ആശയങ്ങളുണ്ട് ആദ്യകാലത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഈ ചെറിയ മനുഷ്യന് പങ്കുവയ്ക്കാൻ.