ചേലക്കര: നാടിനെപ്പറ്റി എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് മസാല ബോണ്ടിനെ എതിർക്കില്ലായിരുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിനായി ഇറക്കിയ മസാല ബോണ്ടിനെ ആദ്യം എതിർത്തത് പ്രതിപക്ഷ നേതാവായിരുന്നെന്ന് സി.പി.എം പോളിറ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞു.

ചേലക്കരയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മസാല ബോണ്ടിൽ നിക്ഷേപിക്കുന്നത് കനേഡിയൻ സർക്കാരിന്റെ പെൻഷൻ ഫണ്ടാണ്. അവരുടെ നിക്ഷേപം അനേകം രാജ്യങ്ങളിലും നമ്മുടെ രാജ്യത്തുമുണ്ട്. ഇതിനെയാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നത്. ഈ ഫണ്ട് സമൂഹത്തിലെ സർവതല സ്പർശിയായ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുക. ഇതിന്റെ നേട്ടം എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും ലഭിക്കുമെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.

കോൺഗ്രസും ബി.ജെ.പി.യും നവ ഉദാരവത്കരണ നയമാണ് അംഗീകരിക്കുന്നത്. ഇത് കർഷകർക്ക് ദുരിതവും കോർപറേറ്റുകൾക്ക് ലാഭവും സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. എൽ.ഡി.എഫ് ബദൽ നയം നടപ്പാക്കി മൂന്നു വർഷം കൊണ്ട് കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറി.
നടക്കില്ല എന്നതിനു പകരം നടക്കും എന്നായി കാര്യങ്ങൾ. 'ജലപാത, തീരദേശ മലയോര ഹൈവേകൾ, ഗെയിൽ പൈപ്പ് ലൈൻ, കൂടംകുളം പവർ ലൈൻ തുടങ്ങിയവ ഉദാഹരണമായി മുഖ്യമന്ത്രി നിരത്തി. തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടു കൊണ്ടാണ് പ്രതിപക്ഷം ഇവിടെ ഉണ്ടായ പ്രളയത്തെ സർക്കാർ നിർമ്മിതമായി വ്യാഖ്യാനിക്കുന്നത്.

ചേലക്കരയിൽ നടന്ന പരിപാടിയിൽ യു.ആർ. പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എൻ.ആർ. ബാലൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കേന്ദ്ര കമ്മിറ്റി അംഗ കെ. രാധാകൃഷ്ണൻ, കെ.പി. രാധാകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി കെ.വി. നഫീസ കെ.കെ. മുരളിധരൻ, ടി.എൻ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.