suresh-gopi-
SURESH GOPI

തൃശൂർ: അയ്യൻ എന്ന പദത്തിന് നാനാർത്ഥമുണ്ടെന്നും ശബരിമല എന്നത് സ്ഥലനാമമാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അംഗീകാരത്തോടെ വിവാദ പ്രസംഗത്തിന് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർക്ക് മറുപടി നൽകി. തൃശൂർ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിടെ സുരേഷ് ഗോപി ശബരിമല അയ്യപ്പനെ പരാമർശിച്ചെന്ന പരാതി സംബന്ധിച്ചാണ് വിശദീകരണം.

തൃശൂരിലെ പ്രമുഖ അഭിഭാഷകർ ഇംഗ്ളീഷിലും മലയാളത്തിലും തയ്യാറാക്കിയ മറുപടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയ്ക്ക് നൽകിയ ശേഷം അദ്ദേഹം അരുൺ ജെയ്റ്റ്ലിക്ക് കൈമാറുകയായിരുന്നു. തിരുത്തലുകൾ വരുത്താതെ തന്നെ അരുൺ ജെയ്റ്റ്ലി വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഡൽഹിയിൽ ബി.ജെ.പിയുടെ ഉന്നത നിയമജ്ഞരുമായി വിഷയം ചർച്ച ചെയ്തതായാണ് വിവരം. അയ്യൻ എന്ന പദത്തിന് നാനാർത്ഥമുണ്ടെന്നും സഹോദരൻ എന്ന് അർത്ഥമുണ്ടെന്നുമാണ് വിശദീകരണം.

ശബരിമല ക്ഷേത്രം, അയ്യപ്പൻ തുടങ്ങിയ വാക്കുകൾ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ല. ശബരിമല എന്നത് സ്ഥലത്തിന്റെ പേരാണ്. ജാതിയോ, മതമോ, മത ചിഹ്നമോ, ദൈവത്തിന്റെ പേരോ ഉപയോഗിച്ച് വോട്ട് തേടിയിട്ടില്ല. മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശവും ഉണ്ടായിട്ടില്ല. 33 മിനിട്ട്‌ പ്രസംഗത്തിൽ മൂന്ന് സെക്കൻഡ് മാത്രമാണ് ഇതുസംബന്ധിച്ച പരാമർശം ഉണ്ടായത്. പ്രസംഗത്തിന്റെ കാമ്പ് എടുത്തല്ല പരാതി ഉന്നയിച്ചത്. സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റുകയായിരുന്നു. ഈ വിഷയം ഹിന്ദു സമൂഹത്തിന് അപകടം ചെയ്യുമെന്നോ മറ്റോ പറഞ്ഞിട്ടില്ലെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

--കളക്ടറുടെ ആത്മാർത്ഥതയെക്കുറിച്ച് അറിയാം

കൂടുതൽ വിശദീകരണത്തിനായി പരിശോധിച്ച വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്നും മറുപടിയിൽ ആവശ്യപ്പെടുന്നുണ്ട്. ഭരണഘടനാപരമായ അവകാശങ്ങൾ ചൂണ്ടിക്കാട്ടിയും പ്രതിരോധിച്ചിട്ടുണ്ട്. 'പ്രചാരണവേളകളിൽ ശബരിമല എന്ന് പറയുന്നത് ചർച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവിടെ' എന്ന് പ്രസംഗത്തിന്റെ അവസാനം വ്യക്തമാക്കിയിരുന്നു. ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ്ഗോപി ഇന്നലെയും മാദ്ധ്യമങ്ങളോട് ആവർത്തിച്ചിരുന്നു. നോട്ടീസ് നൽകിയതിന് പിന്നിൽ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കളക്ടർ പറയട്ടേയെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. എം.പി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ കളക്ടർ തന്നെ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആത്മാർത്ഥതയെക്കുറിച്ച് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർ നടപടി നോക്കി നിയമനടപടി ?

വിശദീകരണത്തിലെ തുടർ നടപടികൾ പരിശോധിച്ച് നിയമനടപടികൾ അടക്കമുള്ളവയിലേക്ക് കടക്കുമെന്ന നിലപാടിലാണ് സുരേഷ്‌ ഗോപി. താത്കാലിക വിശദീകരണമാണ് നൽകിയത്. വിശദമായ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചതായും സൂചനയുണ്ട്. വിശദമായ മറുപടി നൽകുന്നതിന് മുമ്പ് കൂടുതൽ നിയമ പരിശോധന ആവശ്യമാണെന്നും പാർട്ടി വിലയിരുത്തിയിട്ടുണ്ട്. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് കാട്ടിയാണ് ജില്ലാ കളക്ടർ സ്ഥാനാർത്ഥിക്ക് നോട്ടീസ് നൽകിയത്. പ്രഥമദൃഷ്ട്യാ അദ്ദേഹം ചട്ടം ലംഘിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു.