അരിമ്പൂർ : മണലൂരിന്റെ മനസിനെ തൊട്ടറിഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനം പൂർത്തിയായി. രാവിലെ മനക്കൊടി അല്ലേശ് സെന്ററിൽ വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ ചൂണ്ടൽ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തങ്ങാടി, കുരിശുപള്ളി, അരിമ്പൂർ സെന്റർ, അഞ്ചാം കല്ല്, ആറാം കല്ല് എന്നിവിടങ്ങളിലെ പര്യടനത്തിനിടെ ഉത്സവം നടക്കുന്ന കൈപ്പിള്ളി കളരിക്ഷേത്രത്തിലെത്തി വഴിപാട് നടത്തി.
ആനകൾക്ക് പഴം സമ്മാനിച്ചും മേളക്കാരോടും ഉത്സവത്തിനെത്തിയവരോടും വോട്ടഭ്യർത്ഥിച്ച് അടുത്ത സ്വീകരണ സ്ഥലമായ മണലൂർ പഞ്ചായത്തിലേക്ക്. നട്ടുച്ചയായിട്ടും ആവേശം ചോരാതെ കാഞ്ഞാണിയിലും പാന്തോടും ഒട്ടേറെ പേർ സ്ഥാനാർത്ഥിയെ കാത്തു നിൽപ്പുണ്ടായിരുന്നു. എം.എൽ.എയായപ്പോൾ സ്‌നേഹ തീരം മുതൽ തൃശൂർ നഗരം വരെ നടപ്പിലാക്കിയ റോഡ് വികസനവും നാട്ടിക, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതാപന്റെ വോട്ട് പിടുത്തം. വയോധികരെയും കുട്ടികളെയും ആശ്ലേഷിച്ചും വഴിയാത്രക്കാരോട് കുശലം പറഞ്ഞും പ്രതാപന്റെ ഓരോ സ്വീകരണ യോഗത്തിലും എത്തുന്നവർ മനസ് നിറഞ്ഞാണ് മടങ്ങുന്നത്. വിവിധ കേന്ദ്രങ്ങളിൽ കെ.പി.സി.സി അംഗങ്ങളായ സി.ഐ. സെബാസ്റ്റ്യൻ, സുനിൽ അന്തിക്കാട്, ഡി.സി.സി ഭാരവാഹികളായ ഷാജു കോടങ്കണ്ടത്ത്, വി. സുരേഷ് കുമാർ, കെ.കെ. ബാബു, കെ.ബി. ജയറാം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ജി. അശോകൻ, സി.എം. നൗഷാദ്, റോബിൻ വടക്കേത്തല, പി.എ. ജോസ് എന്നിവർ പ്രസംഗിച്ചു..