കൊടുങ്ങല്ലൂർ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ബെന്നി ബഹനാൻ ആരോഗ്യപരമായ കാരണങ്ങളാൽ ആശുപത്രിയിലായതിനാൽ പ്രചാരണ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാൻ വി.ഡി. സതീശൻ എം.എൽ.എ നേരിട്ടെത്തി മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മേത്തല മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന്മാരും ജനറൽ കൺവീനർമാരും സംബന്ധിച്ചു.
പ്രവർത്തനം ഏകോപിപ്പിക്കാൻ മുതിർന്ന നേതാക്കൾക്ക് മണ്ഡലം, ബൂത്ത് പ്രവർത്തനം വിലയിരുത്താൻ ചുമതല നൽകി. ഏപ്രിൽ 13ന് കൊടുങ്ങല്ലൂർ ബ്ലോക്കിൽപെട്ട പുല്ലൂറ്റ് ലോകമലേശ്വരം, മേത്തല, പുത്തൻചിറ, വെള്ളാങ്കല്ലൂർ നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥി പര്യടനം സ്ഥാനാർത്ഥിക്ക് പകരം വി.ഡി. സതീശന്റെ നേതൃത്വത്തിൽ രാവിലെ ഏഴു മുതൽ വൈകിട്ട് വരെ നടത്താനും യോഗം തീരുമാനിച്ചു. ടി.യു രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.എം. നാസർ, വി.എ. അബ്ദുൾ കരീം, പ്രൊഫ. കെ.കെ. രവി, അഡ്വ. വി എം മൊഹിയുദ്ദീൻ, എം.കെ. മാലിക്ക്; പി.ഡി. ജോസ്, പ്രൊഫ. സി.ജി ചെന്താമരാക്ഷൻ, വേണു വെണ്ണറ, ഡിൽഷൻ കൊട്ടെക്കാട്ട്, വി.എം ജോണി തുടങ്ങിയവർ സംസാരിച്ചു.