ചാലക്കുടി: തിരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിപ്പിക്കാൻ പ്രമുഖ നേതാക്കൾ എത്തുന്നു. കോൺഗ്രസ് ദേശീയ നേതാവ് എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സീനിയർ നേതാവ് ഉമ്മൻ ചാണ്ടി തുടങ്ങിയവരാണ് ചാലക്കുടിയിൽ വരുന്നത്. എ.കെ. ആന്റണി ശനിയാഴ്ച വൈകീട്ട് ആറിന് ടൗൺഹാൾ മൈതാനിയിൽ പ്രസംഗിക്കും. ചെന്നിത്തലയുടെ വരവ് ഞായറാഴ്ച വൈകീട്ടാണ്. ഏപ്രിൽ 18നാണ് ഉമ്മൻ ചാണ്ടി ടൗൺഹാൾ മൈതാനിയിൽ പ്രസംഗിക്കുക. എൽ.ഡി.എഫും പ്രമുഖ നേതാക്കളെ ചാലക്കുടിയിലേക്ക് കൊണ്ടു വരും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരാണ് ഇന്നസെന്റിന്റെ പ്രചരണത്തിന് എത്തുക. ബുധനാഴ്ച മുകേഷ് എം.എൽ.എ കൊരട്ടിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കും. കെ.ബി. ഗണേഷ് കുമാർ എം.എൽ.എയും ചാലക്കുടിയിലെത്തും. എൻ.ഡി.എയുടെ പ്രചാരണത്തിന് പ്രമുഖ ദേശീയ നേതാക്കൾ എത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏതൊക്കെ നേതാക്കളാണ് ചാലക്കുടിയിൽ വരുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും.