കൊടകര: വലിയ നോമ്പുകാലത്തിൽ വിശ്വാസികൾ നടത്തിവരാറുള്ള ശ്ലീവാപാതയിൽ 25 അടിയോളം ഉയരവും 900 കിലോയോളം ഭാരവുമുള്ള മരകുരിശുമേന്തി വല്ലപ്പാടി ഇടവക ജനങ്ങൾ കനകമല കുരിശുമുടി കയറി. ഇടവക വികാരി ഫാ. ലിജോ കളപ്പറമ്പത്ത് കുരിശ് ആശീർവദിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് വല്ലപ്പാടി ദേവമാത ദേവാലയത്തിൽ നിന്ന് ആരംഭിച്ച തീർത്ഥാടനം വൈകീട്ട് എട്ടിന് കനകമല കുരിശുമുടിയിൽ സമാപിച്ചു. യുവാക്കളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മൂന്നാഴ്ചയോളം സമയമെടുത്താണ് ഈ കുരിശ് തയ്യാറാക്കിയത്. കൈക്കാരന്മാരായ നിൽസൻ കോച്ചക്കാടൻ, ബിജു കളത്തിങ്കൽ, ആന്റു ആരോത, യുവജന സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.