കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് സമാപനമായി. അശ്വതി കാവ് തീണ്ടലോടെ ആരവമൊഴിഞ്ഞ ശ്രീകുരുംബക്കാവിൽ ഭരണിനാളായ ഇന്നലെ രാവിലെ താലി സമർപ്പണം, കുശ്മാണ്ഡബലി, വെന്നിക്കൊടി നാട്ടൽ, ഭഗവതിക്ക് വരിയരിപ്പായസ നിവേദ്യ സമർപ്പണം എന്നിവ നടന്നു. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ള നൂറ് കണക്കിന് ദേവി ഭക്തർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലികളുമായി എത്തിയാണ് താലി സമർപ്പണം നടത്തിയത്.
നന്നെ പുലർച്ചെ, വിവിധ പ്രദേശങ്ങളിൽ നിന്നും പുറപ്പെട്ടെത്തിയ താലി ഘോഷയാത്രകൾ ചന്തപ്പുരയിൽ സംഗമിച്ച് ഒരൊറ്റ ഘോഷയാത്രയായാണ് ക്ഷേത്രത്തിലേക്ക് നീങ്ങിയത്. ക്ഷേത്രം വലം വച്ചെത്തിയ ഇവർ, വിളക്ക് മാടത്തിന് അഭിമുഖമായി താലം ചൊരിഞ്ഞായിരുന്നു താലി സമർപ്പണം. പട്ടാര്യ സമുദായത്തിന്റെ നേതൃത്വത്തിലാണ് സമാപന ചടങ്ങുകളായ കുശ്മാണ്ഡബലിയും വെന്നിക്കൊടി നാട്ടലും നടന്നത്.
പടിഞ്ഞാറെ നടയിലും വടക്കേ നടയിലുമുള്ള കോഴിക്കല്ലുകളിലാണ് കുശ്മാണ്ഡ ബലി നടന്നത്. സമുദായം പ്രസിഡന്റ് ഇ.കെ. രവി, സെക്രട്ടറി വി. ഉണ്ണിക്കൃഷ്ണൻ, നാഥൻ പിള്ള, രാജു, ശിവശങ്കരൻ, യതീശൻ എന്നിവർ നേതൃത്വം നൽകി. ദേവസ്വം അസി. കമ്മിഷണർ മനോജ്, ദേവസ്വം ഓഫീസർ യഹുലദാസ് എന്നിവർ സന്നിഹിതരായി. ഭരണി നാളിൽ ദേവിക്ക് വരിയരി പായസം നേദിക്കുന്ന ചടങ്ങും ഇന്നലെ നടന്നു. നടതുറപ്പ് വരെ ദേവീ ചൈതന്യം വിളക്ക് മാടത്തിലാണെന്നാണ് വിശ്വാസമെന്നതിനാൽ പൂജാരികളായ അടികൾമാർ കിഴക്കേ നടവഴി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാണ് വരിയരിപ്പായസ നേദ്യ സമർപ്പണം നിർവഹിച്ചത്. തൃച്ഛന്ദനച്ചാർത്തിനായി അടച്ച ക്ഷേത്രത്തിലെ നടതുറപ്പ് ഏപ്രിൽ 14 നാണ് നടക്കുക.