ചാലക്കുടി: അകാലത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്നു കുട്ടികൾക്ക് തല ചായ്ക്കാൻ ഇടമൊരുങ്ങുന്നു. കാരൂരിലെ അമലേഷ്, അനൂജ, അഞ്ജന എന്നിവരുടെ സംരക്ഷണത്തിനായി തൃശൂർ വെളപ്പായ സ്വദേശികളായ സഹോദരങ്ങളാണ് വീടു നിർമ്മിക്കുന്നത്. പുതിയേടത്ത് അർജ്ജുനൻ - മിനി ദമ്പതികളാണ് നേരത്തെ മരണമടഞ്ഞത്.
കൂലിപ്പണിക്കാരനായ അർജ്ജനൻ കാൻസർ പിടിപെട്ടും മിനി പക്ഷാഘാതം കൊണ്ടുമാണ് മരിച്ചത്. ഇതോടെ അനാഥരായ മൂന്നു കുട്ടികളുടെ കഥയറിഞ്ഞ് പണിക്കത്ത് ബാബുരാജും ഭാസിയും സഹായ ഹസ്തവുമായി എത്തി. വിദ്യാർത്ഥികളായ മൂവർ സംഘത്തിന്റെ പഠനച്ചെലവും കാരുണ്യ മതികളിൽ നിന്നും ഉണ്ടാവുകയാണ്. കഴിഞ്ഞ ദിവസം വീടിന്റെ ശിലാസ്ഥാനം നടന്നു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനാണ് ശിലാസ്ഥാപനം കർമ്മം നിർവഹിച്ചത്. മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫ. ടി.പി. സുമേഷ്, പഞ്ചായത്ത് അംഗം ഹെലൻ ചാക്കോ, യു.കെ. പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.