ചേലക്കര: സർക്കാർ സ്‌കൂൾ മുറ്റത്തെ കുട്ടികളുടെയും രക്ഷിതാക്കളുടേയും തിരക്ക് കണ്ട് അത്ഭുതപ്പെടേണ്ട, ഈ തിരക്ക് അടുത്ത അദ്ധ്യയന വർഷത്തെ അഡ്മിഷന് വേണ്ടി തന്നെ. അതിരാത്ര ഭൂമിയായ പാഞ്ഞാളിലെ സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് തിരക്ക് കൂട്ടുകയാണ് രക്ഷിതാക്കൾ.
ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറി യിലേക്കുമുള്ള അഡ്മിഷനാണ് ഇപ്പോൾ നടക്കുന്നത്. പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അതിരാവിലെ തന്നെ രക്ഷിതാക്കളും കുട്ടികളും എത്തിയിരുന്നു. തിരക്ക് കണക്കിലെടുത്ത് ടോക്കൺ ഏർപ്പെടുത്തിയിരുന്നു. കൗണ്ടറുകളായി തിരിച്ച് പ്രവേശന നടപടികൾ സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങളും അധികൃതർ ഒരുക്കിയിരുന്നു.
അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപേ പ്രവേശനം അവസാനിപ്പിക്കുന്ന പാഞ്ഞാൾ സ്‌കൂളിൽ സീറ്റ് നേടുന്നതിനായി സമീപ പഞ്ചായത്തുകളിൽ നിന്നു പോലും നിരവധി പേരാണ് എത്തുന്നത്. മുന്തിയ ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകളെക്കാൾ മികച്ച അടിസ്ഥാന സൗകര്യമുള്ള പൊതു വിദ്യാലയത്തിലെ മികച്ച അക്കാഡമിക നിലവാരവും ശീതികരിച്ച ക്ലാസ് മുറികളും കുട്ടികൾക്കായുള്ള ആധുനിക പാർക്കുമെല്ലാം പ്രവേശനത്തിനുള്ള തിരക്കേറുന്നതിന്റെ കാരണങ്ങളാണ്.
വിവിധ ക്ലാസ്ലുകളിലേക്കു കുട്ടികൾക്ക് പ്രവേശനം തേടി നിരവധി രക്ഷിതാക്കളാണ് ദിവസവും സ്‌കൂളിലെത്തുന്നത്. പ്രവേശന നടപടികൾ ആരംഭിച്ച ആദ്യ ദിനം തന്നെ ഒന്നാം ക്ലാസിലേക്ക് 119 പേരും പ്രീ പ്രൈമറിയിലേക്ക് 202 പേരുമാണ് ചേർന്നത്. പി.ടി.എയും അദ്ധ്യാപകരും പ്രവേശനത്തിനെത്തുന്നവർക്ക് സഹായങ്ങളൊരുക്കി വിദ്യാലയത്തിൽ സജീവമായിരുന്നു. കൂടുതൽ കുട്ടികൾക്ക് സ്‌കൂളിൽ പ്രവേശനം നൽകണമെന്നുണ്ടെങ്കിലും ക്ലാസ് മുറികളുടെ കുറവു മൂലമാണ് അതിനു സാധിക്കാത്തതെന്ന് പ്രധാനദ്ധ്യാപിക കുമാരി സുനിയും പി.ടി.എ പ്രസിഡന്റ് എൻ.എസ്. ജയിംസും സ്റ്റാഫ് പ്രതിനിധി പി.ഐ. യൂസഫും പറഞ്ഞു.