തൃശൂർ: കിടിലൻ ഡയലോഗുകളുമായി 'സ്റ്റാർ വാർ' അരങ്ങേറുന്ന തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരോട് സുരേഷ്ഗോപി സ്റ്റൈലിൽ ചോദിക്കട്ടെ, ഓർമ്മയുണ്ടോ ഈ സി. ആർ. ഇയ്യുണ്ണിയുടെ മുഖം? ഓർമ്മ കാണില്ലെങ്കിൽ പറയാം. 1951 ലെ ആദ്യപാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിനെ പ്രതിനിധീകരിച്ച് ജയിച്ച എം.പി.യാണ് ഇയ്യുണ്ണി. ഇന്ത്യയുടെ ചരിത്രത്തിൽ ഭാര്യയോടൊപ്പം ഒന്നിച്ച് തിരഞ്ഞെടുപ്പിൽ ജയിച്ച നിയമസഭാംഗമാണ് ഇയ്യുണ്ണി, ജസ്റ്റ് റിമംബർ ദാറ്റ് !
1938 ലാണ് തൃശൂരിൽ നിന്നും എറണാകുളത്തു നിന്നും ഓരോ വനിതകളെ തിരഞ്ഞെടുക്കാനുള്ള പരിഷ്‌കാരം ജനാധിപത്യ ഭരണക്രമത്തിൽ ആദ്യമായി കൊച്ചി രാജാവ് പ്രഖ്യാപിച്ചത്. ചൊവ്വരയിൽ തീപ്പെട്ട രാമവർമ്മ മഹാരാജാവിന്റെ 73ാം ജന്മദിനത്തോടനുബന്ധിച്ച് 1938 ജനുവരി നാലിനായിരുന്നു ആ പ്രഖ്യാപനം. അന്ന് കൊച്ചിൻ കോൺഗ്രസിനെ പ്രതിനിധീകരിച്ച് (പിന്നീടത് കൊച്ചി രാജ്യപ്രജാ മണ്ഡലമായി) തൃശൂർ പൊതുസീറ്റിൽ മത്‌സരിച്ചത് സി. ആർ. ഇയ്യുണ്ണിയും വനിതാ സീറ്റിൽ മത്‌സരിച്ചത് മിസിസ് ഇയ്യുണ്ണി എന്ന ആനിയുമാണ്.
അങ്ങനെ 1938 ജൂലായ് 14ന് ഒല്ലൂർ കള്ളിയത്തെ ആനിയോടൊപ്പം കൊച്ചി നിയമസഭയിൽ കടന്നുവന്ന് ചരിത്രമായി. മൂക്കൻ തോമക്കുട്ടിയായിരുന്നു തൃശൂരിൽ ഇയ്യുണ്ണിയുടെ എതിരാളി. മിസിസ് ഇയ്യുണ്ണിയുടെ പ്രതിയോഗി മിസിസ് കുരുവിളയും. തിരഞ്ഞെടുപ്പിൽ അന്നും സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത് ജാതിയും മതവും നോക്കിത്തന്നെ. ഇയ്യുണ്ണി തനിക്കും ഭാര്യക്കും വോട്ടു തേടിയപ്പോൾ മിസിസ് ഇയ്യുണ്ണി നോമിനേഷൻ നൽകിയശേഷം പോയത് പ്രസംഗിക്കാനല്ല, പ്രസവിക്കാനായിരുന്നു! അഞ്ചാം ദിവസം പ്രസവിച്ചു. അതിനാൽ തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കാനായില്ല. ഒടുവിൽ ദമ്പതികൾ ജയിച്ചു. 1942 ആഗസ്റ്റിൽ ക്വിറ്റിന്ത്യാ സമരത്തിന്റെ ആവേശമുൾക്കൊണ്ട് നിയമസഭാംഗത്വം രാജിവെയ്ക്കാൻ പ്രജാമണ്ഡലം ആഹ്വാനം ചെയ്തപ്പോൾ രാജിവെച്ചവരിൽ ഇയ്യുണ്ണിയും ഭാര്യയും ഉണ്ടായിരുന്നു.
1921 മുതൽ 1936 വരെ തൃശൂർ മുനിസിപ്പൽ കൗൺസിലറും 1926 ലും 33 ലും ചെയർമാനുമായിരുന്നു ഇയ്യുണ്ണി. 1935 ൽ അദ്ദേഹം തൃശൂരിൽ നിന്ന് എതിരില്ലാതെ കൊച്ചി നിയമസഭയിലെത്തി. അതിനുശേഷമാണ് 38 ൽ ഭാര്യാസമേതം നിയമസഭയിൽ പോയത്. 1945 ൽ നെല്ലായി മണ്ഡലത്തിൽ ജയിച്ച് ഇയ്യുണ്ണി കൊച്ചിയുടെ റവന്യൂ മന്ത്രിയായി. ആ തിരഞ്ഞെടുപ്പിൽ ഇയ്യുണ്ണിയുടെ വിജയത്തിനായി പനമ്പിള്ളി ഗോവിന്ദമേനോൻ നടത്തിയ വിവാദപ്രസംഗം തിരഞ്ഞെടുപ്പ് തന്നെ റദ്ദാക്കാനിടയാക്കി. ഇയ്യുണ്ണി മന്ത്രിപദം രാജിവെച്ചു. 1951 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ജോസഫ് മുണ്ടശേരിയാണ് ഇയ്യുണ്ണിയോട് തോറ്റത്. 70,300 വോട്ട് ഇയ്യുണ്ണിയ്ക്ക് ലഭിച്ചപ്പോൾ മുണ്ടശേരിയ്ക്ക് കിട്ടിയത് 56,362 വോട്ടായിരുന്നു. 1957 വരെ അദ്ദേഹം തൃശൂരിനെ പ്രതിനിധീകരിച്ചു. 1961 ജനുവരി 21 ന് അന്തരിച്ചു. മിസിസ് ഇയ്യുണ്ണിയുടെ അന്ത്യം 1982 ഡിസംബർ 27 നായിരുന്നു. അതിന് മുൻപ് അവർ മജിസ്ട്രേറ്റായി, ബഞ്ചുകോടതിയിൽ ബഞ്ച് മജിസ്‌ട്രേട്ട് !.