തൃപ്രയാർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നാട്ടികയിലെ പര്യടനം ആവേശമായി. സുരേഷ് ഗോപിയുടെ വരവോടെ നാട്ടികയിലും മത്സരം കനത്തു. സ്വീകരിക്കാൻ വൻ ജനക്കൂട്ടം കാത്തുനിന്നു. ചൊവ്വാഴ്ച രാവിലെ 8.30 ഓടെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം. ക്ഷേത്രത്തിൽ മീനൂട്ട് വഴിപാട് നടത്തി.

തുടർന്നാണ് നാട്ടിക മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ പര്യടനം ആരംഭിച്ചത്. സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ക്ഷേത്രം പടിഞ്ഞാറെ നടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ എത്തിച്ചേർന്നിരുന്നു. താലമേന്തിയ സ്ത്രീകൾ സുരേഷ് ഗോപിയെ വരവേറ്റു. പഞ്ചാരിമേളം പ്രവർത്തകരെ ആവേശം കൊള്ളിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി സദാനന്ദനാണ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തത്.

ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ് സേവ്യൻ പള്ളത്ത് സംസാരിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് പര്യടനം തുടങ്ങിയത്. രാജ്യസഭാ എം.പി എന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വോട്ടുപിടിത്തം. വോട്ടർമാർക്ക് കൈകൊടുത്തും റോഡിനിരുവശവും കാത്തുനിന്നവർക്ക് നേരെ കൈ വീശിയും അഭിവാദ്യം ചെയ്തു. പോളി ജംഗ്ഷനിൽ നിന്നും കിഴക്കേ ടിപ്പുസുൽത്താൻ റോഡിലൂടെ വോട്ടർമാരെ അഭിവാദ്യം ചെയ്താണ് സുരേഷ് ഗോപി നീങ്ങിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷും, കെ.വി സദാനന്ദനും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു. വഴിനീളെ കാത്തുനിന്നിരുന്ന വോട്ടർമാരെ അഭിവാദ്യം ചെയ്ത് സ്ഥാനാർത്ഥി വലപ്പാട് പഞ്ചായത്തിലേക്ക്.

എടമുട്ടം തവളക്കുളം സെന്ററിലായിരുന്നു അടുത്ത സ്വീകരണം. ആനവിഴുങ്ങിയിൽ ദേശീയപാത സമരസമിതി നടത്തിവരുന്ന നിരാഹാര സമരപ്രവർത്തകരെ അഭിവാദ്യം ചെയ്തു. തുടർന്ന് വലപ്പാട് പ്രിയ സെന്റർ, നാട്ടിക ബീച്ച് പോസ്റ്റ് ഓഫീസ്, തളിക്കുളം നമ്പിക്കടവ്, എടശ്ശേരി ബീച്ച്, മുറ്റിച്ചൂർ എന്നിവിടങ്ങളിൽ സ്വീകരണം എറ്റുവാങ്ങി.