മാള: വീട്ടിൽ കാറുണ്ട്. പക്ഷേ കൃഷ്ണയ്‌ക്ക് ഇഷ്‌ടം കുതിര സവാരിയാണ്. ആ ത്രിൽ കാറിൽ കിട്ടില്ലെന്നാണ് കൃഷ്ണ പറയുന്നത്. മാളയിലെ റോഡുകളിലൂടെ യൂണിഫോം ധരിച്ച് പുസ്തക സഞ്ചി ചുമലിൽ തൂക്കി കുതിരപ്പുറത്ത് സ്‌കൂളിലേക്ക് പറക്കുന്ന കൃഷ്ണ നാട്ടുകാർക്ക് വിസ്‌മയമായി.
കുരുവിലശേരി കാളിന്ദി മഠത്തിലെ അജയൻ - ഇന്ദു ദമ്പതികളുടെ
ഏക മകളാണ് കൃഷ്ണ.
ഇത്തവണ പത്താംക്ലാസ് കഴിഞ്ഞ ഈ മിടുക്കി ചില ദിവസങ്ങളിൽ പരീക്ഷ എഴുതാൻ പോയതും കുതിരയെ പറത്തിയാണ്. പരീക്ഷയ്‌ക്ക് സ്‌കൂളിലേക്കുള്ള കൃഷ്ണയുടെ കുതിര സവാരിയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. പല ദേശീയ മാദ്ധ്യമങ്ങളും ഈ പെൺകുട്ടിയുടെ കുതിരസവാരി റിപ്പോർട്ട് ചെയ്‌തു. സ്‌കൂളിലേക്ക് മാത്രമല്ല, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനും കൃഷ്ണ പോകുന്നത് കുതിരപ്പുറത്താണ്.
മകളുടെ കുതിരസവാരിയിൽ മാതാപിതാക്കൾക്ക് ഭയമൊന്നുമില്ല. വീട്ടിലെ കുതിരകളുമായി അത്രയേറെ അടുപ്പത്തിലാണ് മകൾ. ഇതിലൂടെ മകൾക്ക് ഏറെ ആത്മവിശ്വാസം ഉണ്ടായെന്നാണ് അവർ പറയുന്നത്.
പിതാവ് ക്ഷേത്രങ്ങളിലെ ശാന്തിക്കാരനാണ്. അമ്മ ഇന്ദുവും പൂജാ കർമ്മങ്ങൾ പഠിച്ചിട്ടുണ്ട്.
ആണുങ്ങൾക്കും പിന്നെ ഝാൻസി റാണിയെ പോലുള്ള വീര വനിതകൾക്കും മാത്രമേ കുതിര സവാരി പറ്റൂ എന്ന് മുൻപൊരിക്കൽ ഒരു സുഹൃത്ത് പറഞ്ഞതാണ് കുതിരസവാരി പഠിക്കാൻ പ്രചോദനമായതെന്നാണ് കൃഷ്ണ പറയുന്നത്. എന്നെപ്പോലെ ഒരു സാധാരണ പെൺകുട്ടിക്ക് എന്തുകൊണ്ട് കുതിരസവാരി പഠിച്ചുകൂടാ? - കൃഷ്ണ ചോദിക്കുന്നു.
ആ മോഹവുമായി ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരിക്കൽ സ്‌കൂളിലെ കുതിരയുടെ പുറത്ത് കയറി ഇരുന്നു. അത് കണ്ട അച്ഛൻ ആ പിറന്നാളിന് സമ്മാനമായി നൽകിയത് ഒരു കുട്ടിക്കുതിരയെ ആയിരുന്നു. മാർവാടി - സിന്ധി സങ്കര വർഗമായ കുതിരയ്‌ക്ക് റാണ കൃഷ് എന്ന് പേരുമിട്ടു. കല്യാണങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന വളരെ ഇണക്കമുള്ള നുക്ര ഇനത്തിലുള്ള കുതിരയെ ഒരു ലക്ഷത്തോളം രൂപയ്ക്കാണ് വാങ്ങിയത്. അതിനിപ്പോൾ മൂന്ന് വയസുണ്ട്. ഗുമേതി ഇനത്തിലുള്ള നാല് വയസുള്ള ജാൻവി എന്ന പെൺകുതിരയും ഉണ്ട്.
കടുപ്പശ്ശേരി സ്വദേശി ഡാനി ഡേവിസും കോട്ടപ്പുറം സ്വദേശി അഭിജിത്തുമാണ് കൃഷ്‌ണയുടെ പരിശീലകർ. പരിശീലനകാലത്ത് അപകടങ്ങൾ സംഭവിച്ചെങ്കിലും ഭയന്ന് പിന്മാറിയില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് തനിച്ച് കുതിരസവാരിക്ക് പ്രാപ്തയായത്.