jaladhara
ജലധാരയന്ത്രവുമായി ഫ്രാൻസിസ്

എരുമപ്പെട്ടി: വേലൂർ ഗ്രാമകം നാടകോത്സവത്തിന് പുതുമ പകരാൻ ഫ്രാൻസിസിന്റെ ജലധാര യന്ത്രമെത്തി. ഇത് രണ്ടാം തവണയാണ് നാടകോത്സവ കവാടത്തിന് ജലധാരയന്ത്രം ആകർഷണമാകുന്നത്. ഗ്രാമകം 2018 ലാണ് ആദ്യമായി ജലധാരയന്ത്രം ഫ്രാൻസിസ് അവതരിപ്പിച്ചത്. വ്യായാമത്തിലൂടെ ആരോഗ്യ സംരക്ഷണത്തിനുള്ള മാർഗം കാണികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് നാടകോത്സവത്തിൽ യന്ത്രം പ്രദർശിപ്പിക്കാൻ ഫ്രാൻസിസിന് പ്രചോദനം നൽകിയത്.

വൈദ്യുതി ലാഭിക്കുന്നതിനോടൊപ്പം ആരോഗ്യ സംരക്ഷണവും സാദ്ധ്യമാകുന്നുവെന്നതാണ് ഫ്രാൻസിസിന്റെ കണ്ടുപിടുത്തം. യന്ത്രം ഉപയോഗിച്ച് കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. സൈക്കിളിൽ ചില അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിച്ചാണ് യന്ത്രം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത്തവണ യന്ത്രം പ്രവർത്തിപ്പിക്കാൻ എത്തുന്നവർക്ക് ചലഞ്ച് കൂടി ഫ്രാൻസിസ് ഒരുക്കിയിട്ടുണ്ട്.

ഗ്രൗണ്ടിൽ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള കുളത്തിൽ പ്രവർത്തിപ്പിക്കുന്ന ഫൗണ്ടന് മുകളിൽ ബോളുകൾ നിറുത്തണമെന്നതാണ് ചലഞ്ച്. യന്ത്രം പ്രവർത്തിപ്പിച്ച് നോക്കാൻ ആവേശം കാണിക്കുന്ന കുട്ടികളും മുതിർന്നവരും നാടകോത്സവത്തിലെ പ്രധാന കാഴ്ചയാണ്. സംസ്ഥാന സർക്കാരിന്റെ ഊർജ്ജ സംരക്ഷണ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഫ്രാൻസിസിന് ലഭിച്ചിട്ടുണ്ട്.

സെെക്കിളിൽ ഭാരത പര്യടനവും ഹിമാലയ പര്യടനവും നടത്തി ഊർജ്ജ സംരക്ഷണത്തിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശ വാഹകനായും സൈക്കിൾ ഫ്രാൻസിസ് അറിയപ്പെടുന്നു.