അന്തിക്കാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വ്യാപാരി മരിച്ചു. പുത്തൻപീടിക ഗവ: എൽ.പി സ്‌കൂളിനു സമീപം വാഴപ്പിള്ളി സജീവൻ (56) ആണ് മരിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗവും പുത്തൻപീടിക ഫണ്ട്‌സ് ആന്റ് കുറീസ് മാനേജിംഗ് ഡയറക്ടറുമാണ്.
തിങ്കളാഴ്ച രാത്രി 8.30 ഓടെ കടപൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുത്തൻപീടിക ജംഗ്ഷനു സമീപത്ത് വെച്ചാണ് അപകടം. അമിത വേഗത്തിലെത്തിയ ബൈക്കാണ് അപകടത്തിനിടയാക്കിയത്. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെ മരിച്ചു. പുത്തൻപീടിക സെന്ററിൽ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു സജീവൻ.
ബൈക്കിൽ സഞ്ചരിച്ചിരുന്ന പുത്തൻപീടീക പള്ളത്ത് രാഗേഷ്, ഫെബിൻ എന്നിവരെ നിസാര പരിക്കുകളോടെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തതായി അന്തിക്കാട് പോലീസ് പറഞ്ഞു.
സജീവന്റെ ഭാര്യ: പ്രിയ. മക്കൾ: അനഘ, അർച്ചന. സംസ്‌കാരം 10ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.