തൃശൂർ : കാര്യം തിരഞ്ഞെടുപ്പ് പ്രചാരണമൊക്കെ തന്നെയാണ്. സിനിമാതാരവുമാണ്. പക്ഷേ മണി ഒന്നടിച്ചാൽ തൃശൂർ ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ചോറുണ്ണണം. സമയമായാൽ പിന്നെ ആരെയും നോക്കില്ല. പര്യടനം നടക്കുന്നിടത്ത് ആദ്യം കാണുന്ന വീട്ടിൽ സുരേഷ് ഗോപിയെത്തും. ജാഡകളൊന്നുമില്ലാതെ ചോറ് ചോദിക്കും.
ചോറ് ചോദിക്കുന്ന സിനിമാതാരത്തെ കണ്ട് വീട്ടുകാർ അമ്പരക്കും. പിന്നെ ഉള്ള വിഭവങ്ങൾ നൽകി ചോറു നൽകും. ഇന്നലെ നാട്ടിക നിയോജകമണ്ഡലത്തിലെ പര്യടനത്തിനിടെ തളിക്കുളം ബീച്ചിലെ കുറുക്കംപര്യ വീട്ടിൽ വിബിന്റെ വീട്ടിലായിരുന്നു ഇത്തരത്തിൽ സുരേഷ് ഗോപിക്ക് ഉച്ചയൂണ്. സ്ഥാനാർത്ഥിയെ കാണാൻ വീടിന് മുൻവശം നിന്നിരുന്ന വിബിന്റെ ഭാര്യ അപർണ്ണകുമാരിയോട് ചാളക്കറിയുണ്ടോയെന്നായിരുന്നു അന്വേഷണം. ആദ്യം പകച്ചുപോയ അപർണ്ണ ഞണ്ടുകറിയുണ്ടെന്ന് മറുപടി നൽകി. എങ്കിൽ കുറച്ച് ചോറാകാമെന്ന് പറഞ്ഞ് സ്ഥാനാർത്ഥി വാഹനത്തിൽ നിന്നിറങ്ങി. ഞണ്ടുകറിയും കൂട്ടി സമൃദ്ധിയായി ഉച്ചയൂണ് കഴിച്ചു. ഭക്ഷണം ഇഷ്ടമായോയെന്ന് ചോദിച്ച അപർണ്ണയോട് പാത്രം തിരിച്ചുവേണോയെന്നായിരുന്നു മറുചോദ്യം. ഭക്ഷണം കഴിഞ്ഞു അപർണ്ണയോടും കുടുംബത്തോടും അയൽവാസികളോടുമൊപ്പം ഫോട്ടോയെടുത്ത സുരേഷ് ഗോപി പര്യടനം തുടർന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷും കൂടെയുണ്ടായിരുന്നു. ഇതിനോടകം പല വീടുകളിലും അപ്രതീക്ഷിതമായി സ്ഥാനാർത്ഥി എത്തിക്കഴിഞ്ഞു..