കൊടുങ്ങല്ലൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനികരുടെ ധീര രക്തസാക്ഷിത്വത്തെ ഉപയോഗിക്കേണ്ട ഗതികേടാണ് ബി.ജെ.പിക്കെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ പുരത്ത് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കളെ ലോകത്തിലെ വലിയ സമ്പന്നരാക്കി എന്നത് മാത്രമാണ് മോദി ഭരണത്തിന്റെ ബാക്കിപത്രം. ഗവർണർ പദവി പോലും അവർ ദുരുപയോഗപ്പെടുത്തുകയാണ്. കോൺഗ്രസിന് രാഷ്ട്രീയ തിമിരം ബാധിച്ചതിനാൽ അവർക്ക് രാഷ്ട്രീയ എതിരാളികളെ മനസിലാക്കാനാകുന്നില്ല. അതിന്റെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ.കെ. അഷറഫ്, കെ.വി. രാജേഷ്, അഡ്വ. ശ്രേയസ് ചിറയത്ത്, പി.വി. മോഹനൻ, പി.എം. അഹമ്മദ്, മഞ്ജുള അരുണൻ എന്നിവർ പ്രസംഗിച്ചു..