കൊടുങ്ങല്ലൂർ: ഇന്ത്യൻ ജനതയെ വഞ്ചിക്കുന്ന പ്രഖ്യാപനങ്ങളാണ് ബി.ജെ.പിയുടെ പ്രകടനപത്രികയിലുള്ളതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു. ശ്രീനാരായണപുരം സെന്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു പ്രതികരണം. കള്ളപ്പണം കണ്ടെത്തുക, ഭീകരവാദത്തിനുള്ള ധനസ്രോതസുകൾ തടയുക തുടങ്ങി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നുപോലും കൈവരിക്കാനാകാത്ത ബി.ജെ.പി നേതൃത്വം 100 ലക്ഷം കോടി അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവയ്ക്കുമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത്. ആർ.ബി.ഐയുടെ കരുതൽധനം പോലും ചെലവാക്കിയ സർക്കാർ ഈ തുക എവിടെ നിന്നും കണ്ടെത്തുമെന്നതുകൂടി വ്യക്തമാക്കണം. ആർ.എസ്.എസ് ഹിന്ദുത്വ അജണ്ടയിലൂടെ രാജ്യത്തെ വർഗ്ഗീയവത്കരിക്കാൻ ബോധപൂർവ്വമായ പരിശ്രമമാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള യോജിച്ച പോരാട്ടങ്ങൾ അനിവാര്യമായിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനായി ജനാധിപത്യ മതേതര ഇടത് പാർട്ടികളുടെയും സമാന ചിന്താഗതിക്കാരായ ബുദ്ധിജീവികളുടെയും വിശാലമായ ഐക്യനിര വളർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു