ഗുരുവായൂർ: മമ്മിയൂർ ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടി. തൃത്താല കുടിവെള്ള പദ്ധതിയിൽ ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് ചൊവ്വാഴ്ച ഉച്ചയോടെ പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ മമ്മിയൂർ ക്ഷേത്രം വരെയുള്ള റോഡ് വെള്ളക്കെട്ടിലായി. വാൽവ് അടച്ചുവെങ്കിലും പൈപ്പിൽ നിലവിലുള്ള വെള്ളം ഒഴുകിത്തീരാൻ സമയമെടുത്തു. അമൃത് പദ്ധതിയുടെ കാന നിർമാണം മമ്മിയൂർ ഭാഗത്ത് നടക്കുന്നുണ്ട്.
എന്നാൽ കാന പണിക്കിടെയാണോ പൈപ്പ് പൊട്ടിയതെന്ന് പരിശോധന നടത്താതെ കൃത്യമായി പറയാനാവില്ലെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. പി.ഡബ്ലു.ഡിയുടെ അനുമതി വാങ്ങി റോഡ് പൊളിച്ച ശേഷമേ തകരാർ പരിഹരിക്കാൻ കഴിയൂ. പണി നടക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തേണ്ടി വരും. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം നിറുത്തിവച്ചിരിക്കുകയാണ്.