mm-mani

കൊടുങ്ങല്ലൂർ: കൊടിയ അഴിമതി നടത്തിയശേഷം വെള്ളിത്താലത്തിൽ വെച്ച് അധികാരം നരേന്ദ്രമോദിക്ക് നൽകിയ കോൺഗ്രസുകാർ ഇപ്പോൾ കള്ളക്കണ്ണീരൊഴുക്കുകയാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം എറിയാട് ചന്തയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ ദുർഭരണം മൂലം അധികാരത്തിലേറിയ നരേന്ദ്രമോദി രാജ്യത്ത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.


ഗുജറാത്തിൽ ആയിരക്കണക്കിന് മുസ്ലിങ്ങളെ കൊന്നൊടുക്കിയെന്ന ഒറ്റക്കാരണത്താലാണ് ആർ.എസ്.എസ് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കിയത്. രാമജന്മഭൂമി പ്രശ്‌നം ആയിരുന്നു സംഘപരിവാറിന് വേരോട്ടമുണ്ടാക്കാൻ സഹായിച്ചത്. ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കേരളത്തിൽനിന്ന് അബദ്ധവശാൽ ഏതെങ്കിലും കോൺഗ്രസുകാരൻ ജയിച്ച് പാർലമെന്റിലെത്തിയാൽ നോട്ട് ചാക്ക് കൊടുത്ത് ബി.ജെ.പി ഇയാളെ പിടിച്ചു കൊണ്ടുപോകും. ഇടതുപക്ഷ എം.പിമാരിലാരും എത്രനോട്ട് ചാക്ക് കണ്ടാലും കുലുങ്ങില്ലെന്നും എം.എം മണി പറഞ്ഞു.

പേ ബസാറിൽ നിന്നാരംഭിച്ച തിരഞ്ഞെടുപ്പ് റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. മുൻമന്ത്രി കെ.എം മാണിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരംഭിച്ച പൊതുസമ്മേളനത്തിൽ എ.കെ. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, പി.കെ. ചന്ദ്രശേഖരൻ, പി.കെ. ഡേവിസ്, കെ.കെ. അഷറഫ്, കെ.ആർ. ജൈത്രൻ, കെ.പി. രാജൻ, കെ.എ. മുഹമ്മദ്, സി.കെ. മജീദ്, എൻ.എ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.