തൃശൂർ : തൃശൂർ ലോക്‌സഭാ മണ്ഡലം രൂപം കൊണ്ടശേഷം ഏറ്റവും കൂടുതൽ തവണ മത്സരിച്ചതിന്റെ റെക്കാഡ് മുൻ മന്ത്രിയും രാഷ്ട്രീയത്തിലെ സൗമ്യത മുഖമുദ്രയാക്കിയ നേതാവുമായ വി.വി. രാഘവന്. അദ്ദേഹം തൃശൂരിൽ നിന്നും നാലു തവണ മത്സരിച്ചു. ഇതിൽ 1996ലും 1998ലും വിജയിച്ചു. ഇതിൽ ദേശീയ രാഷ്ട്രീയത്തിൽ ചലനം സൃഷ്ടിച്ച ഒരു വിജയം കൂടി അദ്ദേഹത്തിന്റെ പേരിൽ കുറിക്കപ്പെട്ടു. 1996ൽ കെ. കരുണാകരനെ തോൽപ്പിച്ചത് രാഷ്ട്രീയ ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഒരു പക്ഷേ വിജയിച്ചിരുന്നുവെങ്കിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വരെ കാത്തിരുന്ന തിരഞ്ഞെടുപ്പിലാണ് രാഷ്ട്രീയ ഭീഷ്മാചാര്യനെ തന്റെ സ്വതസിദ്ധമായ വിനയത്തോടെ നേരിട്ട് വി.വി അട്ടിമറിച്ചത്. തുടർന്ന് 1998ൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വി.വി. കരുണാകരന്റെ മകൻ കെ. മുരളീധരനെയും തോൽപ്പിച്ചു. ഇതും ഒരു ചരിത്രമാണ്. അച്ഛനെയും മകനെയും തോൽപ്പിച്ച റെക്കാഡ് അത് വി.വി.യുടെ പേരിൽ തന്നെ. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വി.വി. രാഘവൻ മത്സരിച്ചു. എന്നാൽ കോൺഗ്രസിലെ പി.എ. ആന്റണിയോട് പരാജയപ്പെട്ടു. 1999 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ എ.സി ജോസിനോട് മത്സരിച്ച് വി.വി തോറ്റിരുന്നു. 1987ൽ 1991 വരെ കേരളത്തിൽ കൃഷിമന്ത്രിയായിരുന്നു അദ്ദേഹം. എട്ടാമതും ഒമ്പതാമതും കേരള നിയമസഭകളിലേയ്ക്ക് ചേർപ്പ് നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കൃഷി മന്ത്രിയായിരുന്നപ്പോൾ 'ഫയലിൽ നിന്നും വയലിലേയ്ക്ക്' എന്ന പദ്ധതിയും നടപ്പിലാക്കി. 2000ൽ രാജ്യസഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.
ജീവിതരേഖ ഇങ്ങനെ
1923 ജൂൺ 23ന് ജനനം.
കൊച്ചിൻ പ്രജാമണ്ഡലത്തിന്റെ ഉത്തരവാദ ഭരണപ്രക്ഷോഭത്തിലൂടെ രാഷ്ട്രീയ പ്രവേശം
പിന്നീട് കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി
'രാജേന്ദ്ര മൈതാനം' സംഭവത്തിന്റെ പേരിൽ അറസ്റ്റ്
1948ൽ തടവിലായിരുന്നപ്പോൾ സി.പി.ഐ.യിൽ ചേർന്നു
തൊഴിലാളികളെ സംഘടിപ്പിച്ചു. രണ്ടു വർഷത്തോളം ഒളിവിൽ കഴിഞ്ഞു
സി. അച്യുതമേനോൻ രാഷ്ട്രീയത്തിൽ വലിയ അളവിൽ സ്വാധീനിച്ചു
ലെനിന്റെ നാട്ടിൽ' എന്ന ഇദ്ദേഹത്തിന്റെ കൃതിക്ക് സോവിയറ്റ് ലാൻഡ് നെഹ്‌റു പുരസ്‌കാരം
2004 ഒക്ടോബർ 27ന് നിര്യാണം.