തൃശൂർ: ബി.ജെ.പിക്കെതിരെ ശക്തമായി നിലകൊള്ളേണ്ട സമയത്ത് ഇടതുപക്ഷം ദുർബലമായെന്നും ഇക്കാര്യത്തിൽ മുഖ്യപ്രതി സി.പി.എമ്മാണെന്നും ഫോർവേഡ് ബ്‌ളോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ആരോപിച്ചു. തൃശൂർ പ്രസ്ക്ളബിന്റെ 'രാഷ്ട്രീയം പറയാം' സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിൽ രണ്ട് ഇടതുപാർട്ടികൾ മാത്രമാണുള്ളത്. എന്നാൽ യു.ഡി.എഫിൽ ചെറുതെങ്കിലും മൂന്ന് ഇടതുപാർട്ടികളുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ മത്സരിക്കാനുള്ള സീറ്റുകൾ വിലപേശുന്നതിൽ സി.പി.എം ഏകപക്ഷീയമായ നിലപാടുകളാണ് സ്വീകരിക്കുന്നത്.
സി.പി.എമ്മിനെ അപേക്ഷിച്ച്, കോൺഗ്രസിനോടുള്ള ആഭിമുഖ്യം നേരത്തെ തന്നെ സി.പി.ഐ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിനാണ് ബി.ജെ.പിയെ നേരിടാൻ കഴിയുക. പശ്ചിമബംഗാളിലെ മൂന്ന് സീറ്റ് അടക്കം 42 സീറ്റുകളിലാണ് ഫോർവേഡ് ബ്ളോക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് പ്രഭാത് അദ്ധ്യക്ഷനായി.