തൃശൂർ: ജനാധിപത്യ വ്യവസ്ഥയും ഭരണഘടനയും ഫാസിസ്റ്റുകളുടെ ഭീഷണി നേരിടുന്നതിനെതിരെ 'ആർട്ടിസ്റ്റ്സ് എഗെൻസ്റ്റ് ഫാസിസം' സാംസ്‌കാരിക സംഗമം സംഘടിപ്പിക്കുന്നു. 11 ന് രാവിലെ 10 മുതൽ രാത്രി 8 വരെ ചേർപ്പ് മഹാത്മ മൈതാനിയിൽ ഒരു ദിവസം നീണ്ട സംഗമം നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് ആർട്ടിസ്റ്റ് പി.ജി. ദിനേശ് ചിത്രം വരച്ചും പ്രമോദ് ചാലക്കുടി ശിൽപ്പം നിർമ്മിച്ചും സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. കുട്ടികൾ അടക്കം 100 ഓളം ചിത്രകാരന്മാർ ചിത്രരചനയിൽ അണിച്ചേരും. പിന്നണി ഗായകൻ യദു എസ്. മാരാർ മതനിരപേക്ഷ ഗാനം ആലപിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കും. കേരള ലളിതകലാ അക്കാഡമിയുടെ സഹകരണത്തോടെ നവോത്ഥാന ചിത്രപ്രദർശനം നടക്കും. വൈകീട്ട് 3 ന് ''ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ'' സെമിനാർ എഴുത്തുകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. 5 ന് ചേർപ്പ് സാധകം സംഗീതാലയത്തിലെ കുട്ടികളുടെ ഗാനസന്ധ്യയും, 7 ന് തുപ്പേട്ടൻ രചിച്ച ''മാർത്താണ്ഡന്റെ സ്വപ്നം'' എന്ന നാടകത്തിന്റെ അവതരണവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സംവിധായകൻ പ്രിയനന്ദനൻ , ധനഞ്ജയൻ മച്ചിങ്ങൽ, കെ.ബി. ഹരി, ചാക്കോ. ഡി. അന്തിക്കാട്, ജോൺസൺ ചിറമ്മൽ എന്നിവർ പങ്കെടുത്തു.