ചാവക്കാട്: ചേറ്റുവ ഫക്കീർ സാഹിബ് തങ്ങളുടെ ജാറത്തിൽ രണ്ടു ദിവസമായി നടന്നു വന്ന ചന്ദനക്കുടം നേർച്ച ചേറ്റുവയ്ക്ക് അഴകായി. നേർച്ചയുടെ പ്രധാന ചടങ്ങായ കൊടികയറ്റ കാഴ്ചയിൽ കുട്ടികളും സ്ത്രീകളും അടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. ചേറ്റുവ റഹ്മത്ത് മൻസിലിൽ അബ്ദുൽ റസാക്കിന്റെ വസതിയിൽ നിന്നും ആരംഭിച്ച കൊടി കയറ്റ കാഴ്ച അഞ്ചു ഗജ വീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ജാറം അങ്കണത്തിൽ കൊടിയേറ്റി.
തുടർന്ന് ചക്കരക്കഞ്ഞി വിതരണം നടന്നു. ചേറ്റുവ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രദർശന മത്സരത്തിലേക്ക് ചേറ്റുവയിലെ വിവിധ ക്ലബ്ബുകൾ കൊണ്ടുവന്ന തലയെടുപ്പുള്ള 13 ഗജവീരന്മാരും, വിവിധ വാദ്യ മേളങ്ങളും സ്‌കൂൾ ഗ്രൗണ്ടിൽ അണിനിരപ്പോൾ, വിവിധ ദേശങ്ങളിൽ നിന്നുവന്ന കാഴ്ചക്കാരുടെ കണ്ണിനും, മനസിനും കുളിർമയേകി. തുടർന്ന് സാംസ്‌കാരിക സമ്മേളനവും, ട്രോഫി വിതരണവും സ്‌കൂൾ ഗ്രൗണ്ടിലെ സ്റ്റേജിൽ നടന്നു.
മഹാത്മാ ബ്രദേഴ്‌സ് ചേറ്റുവ കടവ്, എഫ്.എ.സി ചെത്തു കാഴ്ച കെ.പി.ആർ നഗർ, ചലഞ്ചേഴ്‌സ് ഫെസ്റ്റ് എം.ഇ.എസ്, കിഴക്ക് ചലഞ്ചേഴ്‌സ് കോർണർ, മേമൻസ് ഫെസ്റ്റ് ചുള്ളിപ്പടി മേമൻസ് ഗ്രൗണ്ട്, യുണൈറ്റഡ് വി.എസ്. കേരളീയൻ ഗ്രൗണ്ട് എന്നീ ക്ലബുകാരുടെ മത്സരാടിസ്ഥാനത്തിൽ ഉള്ള പരിപാടികൾ ചേറ്റുവ നേർച്ചയ്ക്ക് കൊഴുപ്പേകി. തുടർന്ന് നാട്ടു കാഴ്ചയോടെ നേർച്ചാഘോഷത്തിന് സമാപനം കുറിച്ചു. നേർച്ചയ്ക്ക് വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നു.