തൃശൂർ: ലോക്‌സഭാ മണ്ഡലത്തിൽ വിവിധ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് എത്തുന്ന താരപ്രചാരകരുടെ പട്ടിക നൽകണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ചെലവ് നിരീക്ഷകൻ എസ്. രംഗരാജൻ നിർദേശം നൽകി. മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം നിർദേശം നൽകിയത്. പ്രചാരണത്തിന് വരാൻ സാദ്ധ്യതയുള്ള താരപ്രചാരകരുടെയും പട്ടിക ഓരോ സ്ഥാനാർത്ഥിയും സമർപ്പിക്കണം. താരപ്രചാരകർ സ്ഥാനാർത്ഥികളുമായി വേദി പങ്കിട്ടാൽ അവരുമായി ബന്ധപ്പെട്ട ചെലവ് സ്ഥാനാർത്ഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


സ്ഥാനാർത്ഥികളുടെ ചെലവുകൾ സംബന്ധിച്ച പരിശോധന 13, 17, 21 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 മുതൽ 1 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതലുമാണ് പരിശോധന. വോട്ടെടുപ്പ് ദിവസത്തെയും ചെലവ് ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. 10,000 രൂപയ്ക്ക് മുകളിലുള്ള യാതൊരു ഇടപാടുകളും ഒരു വ്യക്തിക്ക് ഒറ്റ ദിവസം നേരിട്ട് പണമായി നൽകരുത്. പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന വൗച്ചറുകളിൽ സീരിയൽ നമ്പറുകൾ വേണം. പണം നൽകുന്ന വ്യക്തിയുടെ പേരും മേൽവിലാസവും കൃത്യമായി രേഖപ്പെടുത്തണം.

തിരഞ്ഞെടുപ്പ് ചെലവിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നോട്ടീസ് ലഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടി.വി. അനുപമ അദ്ധ്യക്ഷത വഹിച്ചു.