തൃശൂർ : മലയോര മേഖലയുടെ മനസ് കവർന്ന് സുരേഷ് ഗോപി. ഇന്നലെ പുതുക്കാട് നിയോജക മണ്ഡലത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചാരണം. ഓരോ സ്വീകരണ യോഗങ്ങളിലും തടിച്ചു കൂടുന്ന ജനങ്ങളിലൂടെ വ്യക്തമാകുന്നത് മണ്ഡലത്തിലെ മാറ്റമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കിഴക്കൻ മലയോര മേഖലയായ വരന്തരപ്പിള്ളി, നെന്മണിക്കര, മറ്റത്തൂർ പഞ്ചായത്തുകളിൽ കടുത്ത ചൂടിനെ അവഗണിച്ച് നിരവധി പേരാണ് എത്തിയത്. ഒരു കാലത്ത് പരമ്പരാഗതമായ വ്യവസായമായ ഓട്, ഇഷ്ടിക നിർമാണത്തിന്റെ കേന്ദ്രമായ പുതുക്കാട്, നെന്മണിക്കര പഞ്ചായത്തിലും കാർഷിക മേഖലകളായ തൃക്കൂർ, വല്ലച്ചിറ, മറ്റത്തൂർ പഞ്ചായത്തുകളിലും ഈ മേഖലകളിൽ മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ സ്ഥാനാർത്ഥി വിശദീകരിച്ചു. അതേ സമയം സംസ്ഥാനത്ത് ഒരു കാര്യവും തുറന്നു പറയാൻ പറ്റാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതി വിശേഷമാണുള്ളത്.
ഇന്നലെ രാവിലെ പാലാഴിയിൽ നിന്നാരംഭിച്ച പര്യടനം ആറാട്ടുപുഴ, ശിവജി നഗർ, എറവക്കാട്, തൃക്കൂർ കല്ലൂർ, പാലക്കപറമ്പ് , മുട്ടിത്തടി, പാലക്കൽ ഹാൾ, വരന്തരപ്പിള്ളി, നന്ദിപുലം മുപ്ലിയം, ചെമ്പൂച്ചിറ, കോടാലി, വെള്ളിക്കുളങ്ങര, മറ്റത്തൂർ, നെല്ലായി, മൂത്രത്തിക്കര , തൊട്ടിപ്പാൾ തെക്കേ തൊറവ്, രണ്ടാം കല്ല്, സൂര്യഗ്രാമം, കരുവാപ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി. രാത്രി പത്തോടെ ആമ്പല്ലൂരിൽ പര്യടനം സമാപിച്ചു. സമാപന സമ്മേളനത്തിൽ വൻ ജനാവലി പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, അഡ്വ. ഉല്ലാസ് ബാബു, അഡ്വ.പി ജയൻ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു...