പുതുക്കാട്: ദേശീയപാതയിൽ പുതുക്കാട് ജംഗ്‌ഷനു സമീപം ലോറി ഡ്രൈവറെ ഇടിച്ചുതെറിപ്പിച്ച ശേഷം നിറുത്താതെ പോയ കാറും ഓടിച്ചിരുന്ന ഡോക്ടറെയും കണ്ടെത്തി. ബി.എം.ഡബ്ളിയു കാർ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയോടിച്ചിരുന്ന പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ന്യൂറോ സർജൻ, എറണാകുളം അയ്യപ്പൻകാവ് കണ്ടേടത്ത് വീട്ടിൽ, ഡോ. സംഗീത് ചെറിയാനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
നരഹത്യയ്ക്കും തെളിവുകൾ നശിപ്പിച്ചതിനും ഡോക്ടറുടെ പേരിൽ കേസെടുത്തു. പെരിന്തൽമണ്ണയിലേക്ക് പോയ ഡോക്ടറുടെ കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി ശശികുമാറിനെ ഇടിച്ചശേഷം നിറുത്താതെ പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ യു ടേണിൽ നിന്ന് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു. എതിർവശത്ത് റോഡിൽ രക്തം വാർന്നുകിടന്ന ശശികുമാറിനെ ദേശീയ പാതയോരത്ത് തട്ടുകട നടത്തുന്ന ജയൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്തു വീണ കാറിന്റെ അടിവശത്തുള്ള ഇരുമ്പ് ഷീറ്റ് മാത്രമായിരുന്നു ലഭിച്ച തെളിവ്. ആട്ടോമൊബൈൽ വർക്ക്‌ഷോപ്പുകളിലെ അന്വേഷണത്തിൽ അപകടത്തിനിടയായത് ബി.എം.ഡബ്ലിയു കാറാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്നാണ്
എറണാകുളത്തെ ബി.എം.ഡബ്ലിയു കാറിന്റെ സർവീസ് സെന്ററിൽ പൊലീസ് പരിശോധന നടത്തിയാണ് കാർ കണ്ടെടുത്തത്.
ഇൻഷ്വറൻസ് ക്ലെയിം ചെയ്തില്ല
അമിത വേഗത്തിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് കാർ റോഡ് മുറിച്ചു കടക്കുകയായിരുന്ന ശശികുമാറിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് പൊങ്ങിയ ശശികുമാർ കാറിന്റെ മുൻ വശത്തെ ഗ്ലാസിലേക്കു വീണു തെറിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ, എറണാകുളത്ത് സർവീസ് സെന്ററിൽ എത്തി. രാത്രിയായതിനാൽ കാർ സെക്യൂരിറ്റിക്കാരനെ എൽപ്പിച്ച് വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം സർവീസ് സെന്ററിലെത്തി കാർ പശുവിനെ ഇടിച്ചതാണെന്ന് പറഞ്ഞു. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആറ് ലക്ഷം രൂപ ചെലവ് വരുമെന്നും ഇൻഷ്വറൻസ് ക്ലെയിം ലഭിക്കാൻ പൊലീസിൽ നിന്നു റിപ്പോർട്ട് വാങ്ങണമെന്നും ആവശ്യപെട്ടു. ക്ലെയിം ആവശ്യമില്ലെന്നും അറ്റകുറ്റപ്പണികൾ നടത്താനും ഡോക്ടർ നിർദ്ദേശിച്ചു മടങ്ങി. പിന്നാലെയാണ് കാർ കസ്റ്റഡിയിലാകുന്നത്.