വരന്തരപ്പിള്ളി: ഹാരിസൺ മലയാളം കമ്പനിയുടെ റബ്ബർ തോട്ടം മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ തൊഴിലാളികൾ പണിമുടക്ക് സമരത്തിനൊരുങ്ങുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച ആസിയാൻ ഗാട്ട് കരാറുകളുടെ മറവിൽ റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിഭവങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. ഇതിനാൽ തോട്ടം ഉത്പന്നങ്ങൾക്ക് ഉണ്ടായ വിലയിടിവ് തോട്ടം വ്യവസായത്തെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി. ഈ ഭാരം മുഴുവനായും തൊഴിലാളികളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിലാണ് തോട്ടം ഉടമകളും മാനേജ്‌മെന്റും.

കഴിഞ്ഞ 10 വർഷമായി നിയമനങ്ങൾ നടത്തുന്നില്ല. ആശ്രിതരായ താത്കാലിക തൊഴിലാളികൾക്ക് ജോലി നിഷേധിക്കുന്നു. പുതിയ ടാപ്പിംഗ് തുടങ്ങുമ്പോൾ ആറും ഏഴും ദിവസം കൂടുമ്പോൾ ടാപ് ചെയ്താൽ മതി എന്ന മാനേജ്‌മെന്റ് നിലപാട് തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. സ്ഥിരം തൊഴിലാളികൾ ചെയ്തു വന്നിരുന്ന നിരവധി ജോലികൾ കരാർ ജോലിയായും നടത്തുന്നു. തോട്ടങ്ങളിൽ സ്ഥിരം ജോലിക്കാർ ഇല്ലാതാകുമെന്നും ഈ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് യൂണിയനുകൾ പണിമുടക്ക് സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ആർ.ഇ.ഡബ്ലിയു.സി (സി ഐ ടി യു) പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി പി.ജി. വാസുദേവൻ നായർ എന്നിവർ അറിയിച്ചു.