കോടാലി: തിരുവനന്തപുരത്തുകാരനായ താൻ ജയിച്ചാൽ അവിടെ വസിച്ചു കൊണ്ട് നിങ്ങളെ സേവിക്കുകയല്ല പകരം തൃശൂരിൽ സ്വന്തം ഭൂമി വാങ്ങി വീട് വച്ച് തൃശൂർകാർക്കൊപ്പം താമസിച്ച് സേവിക്കുമെന്ന് സുരേഷ് ഗോപി. പുതുക്കാട് മണ്ഡലം പര്യടനത്തിനിടെ കോടാലി ആൽത്തറ ജംക്ഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോമിനേഷൻ നൽകാൻ വൈകിയത് പ്രചരണത്തെ ബാധിക്കുമെന്നും അതിനാൽ നിങ്ങളുടെ അരികിൽ ഞാൻ എത്താൻ വൈകിയപ്പോൾ നിങ്ങൾ എന്നെ തേടിയെത്തിയത് എന്റെ വിജയമായി ഞാൻ കാണുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
നൂറ് കണക്കിന് ജനങ്ങൾ എത്തിച്ചേർന്ന പര്യടന യോഗത്തിന് ഒട്ടേറെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സുരേഷ് ഗോപി തുറന്ന രഥവാഹനത്തിൽ എത്തിയാണ് വോട്ടഭ്യർത്ഥന നടത്തിയത്. ചെമ്പൂച്ചിറ, കോടാലി, വെള്ളിക്കുളങ്ങര, ചെട്ടിച്ചാൽ, മറ്റത്തൂർ കുന്ന് പ്രദേശങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് രാജൻ വല്ലച്ചിറ, മുഖ്യസംയോജക് കെ. കൃഷ്ണകുമാർ, നേതാക്കളായ കെ.ജി. സദാനന്ദൻ, പ്രിന്റൊ മഹാദേവൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായി. രാവിലെ പാലാഴിയിൽ നിന്ന് ആരംഭിച്ച പ്രചാരണം രാവിലെ പി.എസ്. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രിയോടെ ആമ്പല്ലൂർ സെന്ററിൽ സമാപിച്ചു.