തൃശൂർ: കുന്നംകുളത്ത് ആവേശം വിതറി ടി.വി. ബാബു. ഇന്നലെ കുന്നംകുളം മണ്ഡലത്തിൽ നടത്തിയ റോഡ് ഷോയിൽ എൻ.ഡി.എ മണ്ഡലം ജില്ലാ നേതാക്കളും നൂറുകണക്കിന് പ്രവർത്തരും അണിനിരന്നു. വാദ്യമേളങ്ങളും ബൈക്ക് റാലിയും അകമ്പടിയായി. സമാപന സമ്മേളനം ബി.ജെ.പി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദി വരുന്നതിന് മുമ്പും ശേഷവും ലോകം ശ്രദ്ധിക്കുന്ന തിരഞ്ഞെടുപ്പാണിത്. അവിശുദ്ധമായ കൂട്ടുകെട്ടുകളിലൂടെയും നുണപ്രചരണങ്ങളിലൂടെയും രാജ്യം കണ്ട ഏറ്റവും ശക്തമായ ഭരണം തട്ടിത്തെറിപ്പിക്കാൻ തക്ക ബുദ്ധിമോശം ഇന്ത്യക്കാർ കാണിക്കില്ല എന്ന് തന്നെയാണ് അവരുടെ വിശ്വാസം. മോദിയുടെ മുന്നിൽ മതങ്ങളോ ജാതിയോ ഇല്ല. ഭാരതത്തിലെ ജനങ്ങളെല്ലാം അദ്ദേഹത്തിന് തുല്യരാണെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.എം. ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.കെ. അനീഷ്‌കുമാർ, ബി.ഡി.ജെ.എസ് സംസ്ഥാന സമിതിയംഗം കെ. അനുരാഗ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കിളിയംപറമ്പിൽ, ബി.ജെ.പി മേഖല ജനറൽ സെക്രട്ടറി വേണുഗോപാൽ, മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് പാക്കത്ത് എന്നിവർ സംസാരിച്ചു. സ്ഥാനാർത്ഥി ടി.വി. ബാബു സ്വീകരണത്തിന് നന്ദി പറഞ്ഞു...