ചേലക്കര: അത്യുഷ്ണത്തിൽ തളിരും കൂമ്പും വാടിയ പാവൽ ചെടിയിലെ വള്ളികളെ സൂക്ഷ്മതയോടെ പരിചരിച്ച് സംരക്ഷിക്കുന്ന തിരക്കിലാണ് ചേലക്കര മേഖലയിലെ പച്ചക്കറിക്കർഷകർ. വിളവെടുക്കുവാൻ തുടങ്ങേണ്ട കാലമായപ്പോഴേക്കും സൂര്യതാപമേറ്റ് പല പാവൽ പന്തലുകളും വരൾച്ച മുരടിച്ച സ്ഥിതിയിലായി.
പാവക്ക എന്ന കയ്പക്ക' കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പ്രദേശമാണ് ചേലക്കര പഴയന്നൂർ മേഖല. വിദേശങ്ങളിലേക്ക് വരെ ഇവിടത്തെ പാവയ്ക്ക കയറ്റുമതി ചെയ്തു വരാറുണ്ട്. ജലവിനിയോഗം കണക്കിലെടുത്ത് ഡ്രിപ്പ് ഇറിഗേഷൻ രീതിയിലാണ് ഭൂരിഭാഗം കർഷകരും കൃഷി നടത്തുന്നത്.

ഈ രീതിയിലെ കൃഷി ആയതിനാൽ വെള്ളം നനയ്ക്കുന്നതിനും വളം നൽകുന്നതിനും അധികം തൊഴിലാളി ആശ്രയിക്കേണ്ടി വരുന്നില്ല. എന്നാലും പന്തൽ കെട്ടാനും മറ്റു പണികൾക്കുമായി നല്ല തുക മുടക്കിയ കർഷകർ വലിയ ആശങ്കയിലാണ്. കൂടുതൽ സമയം വെള്ളം നനച്ചിട്ടും ചെടികൾക്ക് ചൂടിനെ അതിജീവിക്കാൻ കഴിയുന്നില്ല. പല കർഷകരുടെയും പാവൽ ചെടികൾ നാശത്തിന്റെ വക്കിലാണ്.

കാർഷിക സർവകലാശാല വികസിപ്പിച്ച വിത്താണ് പല കർഷകരും വാങ്ങി നടുന്നത്. ഏതു തരത്തിൽ ചെടികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴും ഉദ്യോഗസ്ഥ തലങ്ങളിൽ നിന്ന് യാതൊരു നിർദ്ദേശവും സഹായവും ലഭിക്കാറില്ലന്നതാണ് കർഷകർക്കുള്ള ആക്ഷേപം.
നൂറ് കണക്കിന് കർഷകരാണ് ഈ മേഖലയിൽ ഇപ്പോർ കയ്പക്ക കൃഷി ചെയ്യുന്നത്.
കൃഷിപ്പണിയിലെ പ്രധാന ഘടകമായ കാലാവസ്ഥ ചതിച്ചാൽ തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് എല്ലാ കർഷകരും.

ഡ്രിപ്പ് ഇറിഗേഷൻ

പൈപ്പിലൂടെ വെള്ളം തുള്ളി തുള്ളിയായി പാവൽ ചെടിയുടെ ചുവട്ടിലേക്ക് ഇറ്റിറ്റ് വീഴ്ത്തുന്ന രീതിയാണത്. ചെടിക്ക് വേണ്ട വളവും മറ്റു പോഷകങ്ങളും വെള്ളത്തിൽ അലിയിച്ച് ഇതിനോടെപ്പമാണ് നൽകുന്നത്. തടമെടുത്ത് വകഞ്ഞ് ചാണകവും ആട്ടിൻ കാഷ്ഠവും എല്ലുപൊടിയും ഇട്ട് തടം മൂടും. നിശ്ചിത അകലത്തിൽ വിത്തിടുന്ന ഭാഗത്ത് ഡ്രിപ്പർ ഘടിപ്പിക്കും. കളകളെ അതിജീവിക്കാൻ പ്ലാസ്റ്റിക് പേപ്പർ തടത്തിനു മേൽ ഭാഗം കവർ ചെയ്യും. വിത്തിടേണ്ട ഭാഗത്ത് നിശ്ചിത വ്യാസത്തിൽ ദ്വാരം ഉണ്ടാക്കി അവിടെയാണ് വിത്ത് നട്ടു വളർത്തുന്നത്.