തൃശൂർ: ചിലർക്ക് ആനയെ തൊടണം, മറ്റു ചിലർക്ക് ആനപ്പുറത്ത് കയറണം, തുമ്പിക്കൈ പിടിക്കണം... അങ്ങനെ നിരവധി മോഹങ്ങളും സ്വപ്നങ്ങളുമായിരുന്നു ബാലഭവനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കുരുന്നുകൾക്ക്. തിരുവമ്പാടി ലക്ഷ്മിക്കുട്ടിയാണ് പതിവുപോലെ ഇക്കുറിയും ബാലഭവനിലെ കുട്ടിക്കൂട്ടത്തിന്റെ ആരാധനയും സ്നേഹവും ഏറ്റുവാങ്ങാനെത്തിയത്.
ആനയെയും ആനക്കാരെയും ടെലിവിഷനിലും മൊബൈലിലും മാത്രം കണ്ടവരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. അവർക്ക് നൂറ് സംശയങ്ങളായിരുന്നു. ഈ കൊടുംചൂടിൽ ആന തളർന്നുവീഴുമോ? ഓടാനുളള കഴിവ് ആനയ്ക്കുണ്ടോ? അങ്ങനെ ചോദ്യങ്ങൾ നിരവധി. ആനചികിത്സാ വിദഗ്ദ്ധൻ ഡോ. പി.ബി. ഗിരിദാസ് എല്ലാം ലളിതമായി വിവരിച്ചു നൽകി. എന്നാൽ ആനപ്പുറത്ത് കയറാനും തൊടാനും കുട്ടികൾ കൂട്ടമായി വളഞ്ഞപ്പോൾ അദ്ദേഹവും വിയർത്തു. ഒടുവിൽ, എല്ലാവരും സ്വന്തം സീറ്റിൽ ഇരുന്നാലേ ആനയെക്കുറിച്ചുളള കഥകൾ പറയൂ എന്നായി ഡോക്ടർ.
ആർപ്പുവിളികളോടെയും ആരവത്തോടെയും കുട്ടികൾ വരവേൽക്കുമ്പോഴും ലക്ഷ്മിക്കുട്ടി ശാന്തശീലയായിരുന്നു. തുമ്പിക്കൈ ഉയർത്തി കുട്ടികളെ അഭിവാദ്യം ചെയ്താണ് ലക്ഷ്മിക്കുട്ടി മടങ്ങിയത്. അങ്ങനെ അര മണിക്കൂറിലേറെ ആനക്കഥകളും ആനക്കാര്യവും കേട്ടറിഞ്ഞും കണ്ടറിഞ്ഞും കുട്ടികളും വീട്ടിലേക്ക് തിരിച്ചു.
ബാലഭവനിലെ അവധിക്കാലക്യാമ്പിന്റെ ഭാഗമായി നെഹ്‌റുവിന്റെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചിരുന്നു. ആറടി രണ്ട് ഇഞ്ച് ഉയരമുള്ള പ്രതിമയ്ക്ക് 128 കിലോ തൂക്കമുണ്ട്. പത്ത് ലക്ഷം രൂപയോളം വിലവരും. ആയിരത്തോളം കുട്ടികളാണ് കളിവീട്ടിൽ പങ്കെടുക്കാനെത്തുന്നത്. നാലു മുതൽ പതിനാറ് വയസുവരെയുള്ളവർക്കായിരുന്നു പ്രവേശനം. പ്രശസ്തരുമായി മുഖാമുഖം, പ്രകൃതി പഠന വിനോദയാത്ര, സഹവാസ ക്യാമ്പ്, വായനകൂട്ടായ്മ, ബാല ചലച്ചിത്രോത്സവം, നാടകവേല, ശാസ്ത്രപരീക്ഷണങ്ങൾ, ചിത്രകല, ശിൽപ്പകല, സംഗീതം, നൃത്തം, ആയോധനകലകൾ, കമ്പ്യൂട്ടർപഠനം തുടങ്ങിയവയും ക്യാമ്പിലുണ്ട്.