അന്തിക്കാട്: അമ്പത്തിയഞ്ച് വർഷം മുമ്പ് രാഷ്ട്രീയത്തിലെത്തി നാളിതുവരെ പോളിംഗ് ഏജന്റായി പ്രവർത്തിച്ച അന്തിക്കാട്ടെ കുഞ്ഞിക്ക ഇത്തവണ വിശ്രമത്തിലാണ്. 82 കാരനായ കുഞ്ഞിക്ക എന്ന പി.കെ കുഞ്ഞ് ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ യൗവന കാലത്തെ ചടുലതയുണ്ട് അദേഹത്തിന്റെ വാക്കുകൾക്ക് .

പി.കെ. കുഞ്ഞ് എന്ന പുതുശ്ശേരി വീട്ടിൽ കുഞ്ഞിക്കയാണ് അര നൂറ്റാണ്ടിനപ്പുറം പോളിംഗ് ഏജന്റായി പ്രവർത്തിച്ചതിന്റെ ഓർമ്മകൾ പൊടി തട്ടിയെടുക്കുന്നത്. 1960 കളിലാണ് കലാ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ജനങ്ങളുമായി ഇടപെടുന്നത്. രാഷ്ട്രീയത്തിൽ തുടക്കമിടുന്നത് അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിട്ടാണ്. 1964-ൽ സി.പി.ഐ യും സി.പി.എമ്മുമായി മാറിയപ്പോൾ കുഞ്ഞിക്ക സി.പി.എമ്മിൽ നില കൊണ്ടു.

ടി.വി. ചാത്തുണ്ണി ഉൾപ്പെടെ ആയിരത്തിൽ താഴെ പ്രവർത്തകരെ ചൈനീസ് ചാരന്മാർ എന്നാരോപിച്ച് ജയിലിൽ അടച്ചിരുന്നു. തുടർന്ന് കെ.എസ് സദാശിവൻ അടക്കം ചിലർ പാർട്ടി നേതൃസ്ഥാനത്തേക്ക് വന്നെങ്കിലും പിന്നീടവർ നക്സലുകളായി മാറിയതോടെ പ്രാദേശിക ഘടകം ചുമതല ഏറ്റെടുക്കുകയായിരുന്നു. അക്കാലത്ത് ബി. വെല്ലിംഗ്ടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കൽപ്പറ്റയിലും, മണലൂരിലും മത്സരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പിൽ വെല്ലിംഗ്ടനു വേണ്ടി പോളിംഗ് ഏജന്റായി തുടക്കമിട്ടു.

തുടർന്ന് അര നൂറ്റാണ്ടിനിപ്പുറം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് വരെ പോളിംഗ് ഏജന്റായി പ്രവർത്തിച്ച കുഞ്ഞിക്കയുടെ സാന്നിദ്ധ്യം ഇക്കുറി തിരഞ്ഞെടുപ്പിന് ഉണ്ടാകില്ല. പ്രായാധിക്യം മൂലം വീട്ടിൽ തന്നെ ഇക്കുറി കൂടുന്നെന്നാണ് ഇക്ക പറയുന്നത്. സി.പി.ഐക്കും സി.പി.എമ്മിനും ഒരു പോലെ സ്വീകാര്യനായ കുഞ്ഞിക്ക രണ്ടു കൂട്ടർക്ക് വേണ്ടിയും പോളിംഗ് ഏജന്റായി പ്രവർത്തിക്കാറുണ്ട്.

1965 ൽ ജോലി ലഭിച്ച് ഭിലായിയിൽ പോയ ശേഷം എല്ലാ തിരഞ്ഞെടുപ്പു സമയത്തും നാട്ടിലെത്തി പോളിംഗ് ഏജന്റായി മാറും. 1986-ൽ പ്രവാസ ജീവിതത്തിന് വിരാമിട്ട് നാട്ടിൽ തിരിച്ചെത്തിയപ്പോളും തിരഞ്ഞെടുപ്പിന് കുഞ്ഞിക്ക പോളിംഗ് ഏജന്റായി മുന്നിലുണ്ട്. പണ്ടത്തെ തിരഞ്ഞെടുപ്പുകളിൽ കുഞ്ഞിക്കയുടെ പ്രവചനങ്ങൾക്ക് കൃത്യത ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മറ്റൊരു തിരഞ്ഞെടുപ്പു കൂടി വന്നെത്തുമ്പോൾ തന്റെ നല്ല ഓർമ്മകളെ കൂട്ടാക്കിയാണ് കുഞ്ഞിക്ക പുഞ്ചിരിക്കുന്നത്.