jyothy
ഇളനീർ വിൽപ്പനക്കിടെ ജ്യോതി

ചാലക്കുടി: ആവശ്യത്തിനുള്ളവ എത്താത്തതും ആവശ്യക്കാർ കുറഞ്ഞതും ആമ്പല്ലൂർക്കാരി ജ്യോതിയുടെ ഇളനീർ കച്ചവടത്തിന് മണ്ഡരി ബാധയേറ്റു. നോട്ട് നിരോധനത്തിന്‌ ശേഷം ഇളനീർ വിൽപ്പന മൂന്നിലൊന്നായി ചുങ്ങിയതാണ് ഈ അമ്പത്തിയഞ്ചുകാരിയുടെ അനുഭവം. ആളുകളുടെ കൈയിൽ വലിയനോട്ടുകൾ മാത്രമെ ഉള്ളതെന്നോ, ചില്ലറയില്ലാത്തതാണോ എന്താണെന്ന് ഇവർക്ക് അറിയില്ലെങ്കിലും ദിവസത്തിൽ നാൽപ്പതിൽ താഴയെ ഇപ്പോൾ വിറ്റഴിയുന്നുള്ളൂ എന്ന് ഈ കച്ചവടക്കാരി പറയുന്നു. നോട്ട് നിരോധനത്തിന് മുമ്പ് ഇങ്ങനെയല്ലായിരുന്നു. ദിനംപ്രതി നൂറിലധികം വിൽപ്പന നടന്നു. ആറേഴ് വർഷം മുമ്പുവരെ ഇങ്ങനെയായിരുന്നു കച്ചവടം എന്നാൽ ഇപ്പോൾ കുറച്ചായി കഥമാറിയെന്നും ജ്യോതി പറയുന്നു.

വേനലായാൽ റെയിൽവേ സ്റ്റേഷൻ റോഡിലെ ഓരത്ത് തട്ടിക്കൂട്ടുന്ന ജ്യോതിയുടെ ഇടത്താവളത്തിൽ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. പകലന്തിയോളം ആളുകൾ കരിക്ക് നുണയാനെത്തും. പാഴ്‌സലായുള്ള കച്ചവടത്തിനും ഡിമാന്റായിരുന്നു.

പാലക്കാടാണ് ജ്യോതിയുടെ ജന്മദേശം. തേനിയിലെ ശിവരാമനാണ് ജീവിതത്തോടൊപ്പം ഇളനീർ വിൽപ്പനയിലേക്കും ഇവരെ കൈപിടിച്ചു കൊണ്ടുവന്നത്. അസുഖ ബാധിതനായ ശിവരാമൻ കിടപ്പിലായപ്പോൾ ജീവിതോപാധിയായ കച്ചവടം ഇവരുടെ ചുമലിൽ മാത്രമായി. ഇതിനിടെ മകൻ സുരേഷും ഈ മേഖലയിലെത്തി. പുതുക്കാട് നഗരത്തിലെ തെരുവോരമാണ് ഇയാളുടെ കച്ചവടകേന്ദ്രം.

പാലക്കാട് നിന്നും ജ്യോതിയുടെ സഹോദരൻ കുപ്പുസ്വാമി ആഴ്ചതോറും മിനി വാനിൽ ഇളനീർ എത്തിക്കും. ഇരുസ്ഥലങ്ങളിലും കാലങ്ങളായി ഇവയാണ് വിറ്റഴിയുന്നത്. എന്നാൽ ആവശ്യത്തിന് സാധനം ഇപ്പോൾ കിട്ടുന്നില്ല. തേടിപിടിച്ചു കൊണ്ടുവരുന്നവയിൽ ചിലത് ഉപയോഗിക്കാൻ പറ്റാത്തവയും. ഇതിനു പുറമെയാണ് വിൽപ്പനയിടിവും. മറ്റൊരു തൊഴിൽ ഒത്തുവന്നാൽ ഇതു നിറുത്തുമെന്നും വിഷമത്തോടെ ജ്യോതി പറയുന്നു. ആമ്പല്ലൂരിൽ നിന്നും ദിവസേന ചാലക്കുടിയിൽ എത്തിയാണ് ഇവർ അന്നന്നത്തെ അന്നത്തിന് വഴിതേടുന്നത്. മഴക്കാലമായാൽ വീടിനകത്ത് ചടഞ്ഞു കൂടാതെ മറ്റു നിവൃത്തിയില്ല. അടുത്തൊരു വേനലിൽ വഴിയോരത്ത് ഇളനീർ കുലകൾ കെട്ടിത്തൂക്കി കാത്തിരിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് തമിഴും മലയാളവും ഒത്തുചേരുന്ന കുടുംബത്തിന്റെ നെടുംതൂണായ ജ്യോതി.