അന്തിക്കാട്: നൂറു മേനി വിളവു ലഭിച്ചിട്ടും ദുരിതത്തിലായി അന്തിക്കാട് കായൽ കോളിലെ കർഷകർ. കൊയ്തു വച്ച നെല്ലിന് ഇവർ കാവലിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. അന്തിക്കാട് കായൽ കോളിലെ കർഷകരാണ് നൂറ് മേനി വിളവു ലഭിച്ചിട്ടും സന്തോഷിക്കാനാവാതെ ദുരിതവുമായി പാടശേഖരത്ത് കാവലിരിക്കുന്നത്.

ഉമ വിത്താണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. പതിവിൽ കവിഞ്ഞ വിളവാണ് കർഷകർക്ക് ലഭിച്ചത്. എന്നാൽ കൊയ്തു വച്ച നെല്ലിനെ കാത്തു സൂക്ഷിക്കാനാണിവർ പാടു പെടുന്നത്. സപ്ലൈകോ അധികൃതരാണ് സ്വകാര്യ മില്ലുകാർ വഴി പാടശേഖരങ്ങളിൽ നിന്നും നെല്ല് ശേഖരിക്കുന്നത്. എന്നാൽ കൊയ്ത്തു കഴിഞ്ഞ പാടത്ത് നെല്ല് തൂക്കം നോക്കിയ ശേഷം അട്ടിയിട്ടിരിക്കുകയാണ്. നെല്ല് കയറ്റി കൊണ്ടു പോകുന്നതു വരെ ഉത്തരവാദിത്വം കർഷകനു തന്നെയാണ്. എന്നാൽ കരാറെടുത്ത സ്വകാര്യ മില്ലുകാരുടെ വാഹനം എത്തി നെല്ലുകൊണ്ടു പോകാത്തതിനാൽ കൊടും ചൂടിലും നെല്ലിന് കാവലിരുന്ന് കർഷകർ വലഞ്ഞു.

അപ്രതീക്ഷിതമായി എത്തുന്ന മഴയേയും കർഷകർക്കു ഭയമുണ്ട്. ടാർപായകൾ വാടകക്കെടുത്തും, സ്വന്തമായി വാങ്ങിയും നെൽച്ചാക്കുകൾ മൂടിയിട്ടിരിക്കുകയാണ് പലരും. ഇതിനായി ഒരു തുക കർഷകന് അധിക ചെലവ് വരുന്നുണ്ട്. മില്ലുകാർ വാഹനം അയക്കാത്തതിൽ അമർഷമുണ്ടെന്നും, വിഷയത്തിൽ പാടശേഖര സമിതി കർഷകർക്ക് അനുകൂലമായി പ്രവർത്തിക്കുന്നില്ലെന്നും കർഷകനായ പ്രഭാകരൻ തൈവളപ്പിൽ ആരോപിച്ചു.