കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മേത്തല ആനാപ്പുഴയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപഗ്രഹ ഫോൺ സാങ്കേതിക വിദ്യ പോലും ബി.എസ്.എൻ.എല്ലിനെ ഒഴിവാക്കി ആസ്‌ട്രേലിയയിലെ ഒരു കുത്തക കമ്പനിക്ക് നൽകുക വഴി പൊതു മേഖലയെ ഇല്ലാതാക്കുന്ന നയമാണ് നടപ്പിലാക്കുന്നത്. കേരളത്തിൽ മൂന്ന് വർഷം കൊണ്ട് 17 പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ ലാഭമാണുണ്ടാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൊതുമേഖല വൻ നഷ്ടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എം.ജി. പുഷ്പാകരന്റെ അദ്ധ്യക്ഷതയിൽ അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ, അമ്പാടി വേണു, പി.കെ ഡേവിസ്, എം. രാജേഷ്, നഗരസഭ ചെയർമാൻ കെ. ആർ. ജൈത്രൻ, പി.പി. സുഭാഷ്, കെ. എസ്. കൈസാബ്, സി.വി. ഉണ്ണികൃഷ്ണൻ, കെ.ബി മഹേശ്വരി, സുമശിവൻ എന്നിവർ സംസാരിച്ചു..