തൃശൂർ: എസ്.ഡി.പി.ഐയുമായി തൃശൂർ ലോക്‌സഭാ മണ്ഡലത്തിലുണ്ടാക്കിയ അവിശുദ്ധ ബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂരിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. ലോക്‌സഭയിൽ ആറായിരത്തോളം വോട്ടുകളാണ് ഈ വിഭാഗത്തിന് ലഭിച്ചത്. മത, തീവ്രവാദ സംഘടനയുമായി രഹസ്യബാന്ധവം ഉണ്ടാക്കിയിട്ടുളളത് കോൺഗ്രസ് പ്രവർത്തകരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. കൈവെട്ട് കേസ് ഉൾപ്പെടെ തീവ്രവാദകേസുകളിൽ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായിട്ടുണ്ട്. ജില്ലയിലെ തീരദേശത്ത് എസ്.ഡി.പി.ഐയുടെ ആക്രമണത്തിന് വിധേയരായവരിൽ ഒരു ബ്‌ളോക്ക് കോൺഗ്രസ് സെക്രട്ടറി ഉൾപ്പെടെയുണ്ട്. യാതൊരു ധാർമ്മികതയും ഇല്ലാതെയാണ് കോൺഗ്രസിലെ ഒരു വിഭാഗം മതതീവ്രവാദ ഗ്രൂപ്പിനെ കൂട്ടുപിടിച്ചിട്ടുള്ളത്. എങ്ങനെയാണ് ഇത്തരം സംഘടനയുമായി വഴിവിട്ട ബന്ധം സ്ഥാപിക്കാനായതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. കോൺഗ്രസും ജമാ അത്തെയുടെ ഔദ്യോഗിക രാഷ്ട്രീയ ഗ്രൂപ്പായ വെൽഫെയർ പാർട്ടിയും സംയുക്തമായി ചാവക്കാട് യോഗം ചേരുന്നുണ്ട്. ഇതേക്കുറിച്ചും ഡി.സി.സി പ്രസിഡന്റും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ പ്രതാപൻ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു...