radhika

തൃശൂർ ; സുരേഷേട്ടന്റെ വിളിയെത്തിയാൽ തൃശൂരിലെത്തും. കൂടെയുണ്ടാകും. രാഷ്ട്രീയം അറിയാത്തതിനാൽ പ്രചാരണത്തിനിറങ്ങില്ല. മത്സരഫലം സംബന്ധിച്ച് ഒരു ടെൻഷനുമില്ല. ഈ വീട്ടിൽ ടെൻഷൻ എന്ന വാക്കില്ല. വിഷു ആഘോഷം തൃശൂരിൽ ആകാനാണ് സാദ്ധ്യത ​-​ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും താരവുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ വാക്കുകളിൽ വിജയപ്രതീക്ഷയല്ലാതെ മറ്റൊന്നില്ല.

ഭർത്താവിന്റെ മത്സരം സാംസ്കാരിക തലസ്ഥാനത്താണെങ്കിൽ രാധികയുടെ പ്രാർത്ഥന തലസ്ഥാനമായ തിരുവനന്തപുരം ശാസ്തമംഗലത്തെ ലക്ഷ്മിയെന്ന് പേരുള്ള വീട്ടിലാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ വിജയത്തിനായും പ്രാർത്ഥിക്കുന്നുണ്ട്. സുരേഷേട്ടൻ വീട്ടിൽ രാഷ്ട്രീയം പറയാറില്ല. പ്രചാരണം തുടങ്ങിയതോടെ ദിവസവും വിളിക്കും. അന്നന്നത്തെ വിശേഷങ്ങൾ പറയും.

പ്രചാരണത്തിന് പോകുമ്പോൾ ഓരോ സ്ഥലത്തും കണ്ട കാര്യങ്ങളും ജനങ്ങളുടെ സ്വീകരണവും വിവരിക്കും. ഇപ്പോൾ അച്ഛന്റെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ അന്വേഷിച്ച്,​ മക്കളുടെ വിളിയും വരാൻ തുടങ്ങി. പ്രചാരണത്തിന്റെ ശക്തി എത്രത്തോളമുണ്ട്,​ അനുകൂലമാണോ,​ അച്ഛന്റെ വിജയ പ്രതീക്ഷ എത്രത്തോളമാണ് ഇതൊക്കെയാണ് അവർക്ക് അറിയേണ്ടത്. മക്കളായ ഭാഗ്യ കാനഡയിലും ഭാവ്‌നി ചെന്നൈയിലും മാധവ് യു.കെയിലുമാണ് പഠിക്കുന്നത്. അവർ നേരിട്ട് അച്ഛനെ വിളിക്കില്ല. സുരേഷേട്ടൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അവരോടും പറയും. നാട്ടിലുണ്ടെങ്കിൽ ഉത്സവങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കാറ്. ഇക്കുറി വിഷുവിന് മണ്ഡലത്തിൽ നിന്ന് ഒരു മിനിറ്റ് പോലും വിട്ടുനിൽക്കാൻ കഴിയാത്തതിനാൽ തൃശൂരിൽ ആഘോഷിക്കാമെന്നാണ് ആഗ്രഹം. സാമൂഹിക പ്രവർത്തന രംഗത്ത് നേരത്തെ സുരേഷേട്ടൻ സജീവമാണ്. അതൊക്കെ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. രാജ്യസഭംഗമായതോടെ തിരക്ക് വർദ്ധിച്ചിരുന്നുവെന്നും രാധിക പറഞ്ഞു.

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂത്തമകൻ ഗോകുലെത്തും. സാഹാഹ്ന വാർത്തകൾ എന്ന സിനിമയുടെ ലൊക്കേഷനിലാണ് നടൻ കൂടിയായ ഗോകുൽ. ബംഗളൂരുവിലാണ് ഷൂട്ടിംഗ്. 15,16 തീയതികളിലായിരിക്കും ഗോകുൽ പ്രചാരണത്തിന് എത്തുക.