ഇരിങ്ങാലക്കുട : താരപരിവേഷത്തിന്റെ ആവേശം വാനോളം ഉയർത്തി തൃശൂർ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ പര്യടനം രാവിലെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ആരംഭിച്ചു. ഇരിങ്ങാലക്കുടയിലെ നേതാക്കൾ താമര മാലയണിയിച്ച് സുരേഷ് ഗോപിയെ സ്വീകരിച്ചു. പിന്നീട് ക്ഷേത്രത്തിന് മുമ്പിൽ തടിച്ചുകൂടിയ ജനങ്ങളോട് തന്റെ വികസന സ്വപ്നങ്ങൾ പങ്ക് വെച്ചു. കൊച്ചി മെട്രോ തൃശൂരിലേയ്ക്ക് നീട്ടുവാനുള്ള ആവശ്യം ഉന്നയിച്ചാലേ ചാലക്കുടി വരെയെങ്കിലും എത്തിക്കാൻ സാധിക്കുകയുള്ളൂവെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കപട പൂര പ്രേമം കാണിക്കുന്നവരെ ജനം തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ താമസിച്ച് ജനങ്ങളെ സേവിക്കുന്ന എം.പിയായിരിക്കും താനെന്നും സുരേഷ് ഗോപി പറഞ്ഞു. താരത്തെ കാണാൻ സ്ത്രീകളും കുട്ടികളും വയോധികരും അടക്കം നിരവധി പേരാണ് രാവിലെ മുതൽ ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയത്. തുറവൻകാട്ടിൽ ആദ്യ സ്വീകരണം നൽകി. തുടർന്ന് ഒമ്പതിന് മുരിയാട് അണ്ടി കമ്പനി പരിസരത്തും കല്ലേറ്റുംകര, ആളൂർ സെന്റർ, ഷോളയാർ, കൊമ്പിടി, താഴെക്കാട് ആൽ, തുമ്പൂർ, നടവരമ്പ്, മാപ്രാണം നിവേദിത, എടക്കുളം, പതിയാംകുളങ്ങര, പടിയൂർ വളവനങ്ങാടി, എടതിരിഞ്ഞി, എസ്.എൻ.ഡി.പി അമ്പലം, കാറളം, കിഴുത്താണി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് 7.30ന് മാപ്രാണം സെന്ററിൽ സ്ഥാനാർത്ഥി പര്യടനം സമാപിച്ചു...