തൃശൂർ: നരേന്ദ്രമോദിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് - ഇടതുമുന്നണികളും ചെറുപാർട്ടികളും ചേർന്ന് രൂപംകൊടുത്ത ബദൽ മുന്നണി ഭ്രൂണാവസ്ഥയിൽ അലസിപ്പോയെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞു. പ്രസ് ക്‌ളബിന്റെ രാഷ്ട്രീയം പറയാം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുമ്പെ ഒരു മുന്നണിയാകാം എന്ന് ധാരണയായ കോൺഗ്രസും ഇടതുപാർട്ടിയും എന്തുകൊണ്ടാണ് പാതിവഴിയിൽ വച്ച് അത് ഉപേക്ഷിച്ചത്.

പശ്ചിമബംഗാളിൽ തമ്മിലടി തുടങ്ങി. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതോടെ കേരളത്തിലും തകർന്നു. 55 വർഷം ഇന്ത്യ ഭരിച്ച പാർട്ടിക്ക് പിടിച്ചുനിൽക്കാൻ രക്ഷയില്ലാതെ വന്നപ്പോഴാണ് ഒരു അഭയാർത്ഥിയെപ്പോലെ വയനാട്ടിൽ മത്സരിക്കാനെത്തിയത്. മാന്യമായ രീതിയിൽ വേണം ഒരു അഭയാർത്ഥിയോട് പെരുമാറാൻ. മുസ്ലീം ലീഗിന്റെ വോട്ടുകൾക്ക് ഭൂരിപക്ഷമുള്ള സുരക്ഷിത മണ്ഡലം നോക്കിയാണ് അവരെത്തിയത്. ബി.ജെ.പിയിലെ ഏത് നേതാക്കളേക്കാളും കരുത്തനായ സ്ഥാനാർത്ഥിയാണ് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. അമേഠിയിൽ കഴിഞ്ഞ തവണത്തെ രാഹുലിന്റെ ഭൂരിപക്ഷം ഒന്നര ലക്ഷമായിരുന്നു. അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാലെണ്ണവും എൻ.ഡി.എ നേടി. മൂന്നു മണ്ഡലങ്ങളിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്താണ്. സ്വാധീനം പൂർണമായും നഷ്ടമായതിനാലാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാൻ കാരണം. ഇടതിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു സ്ഥാനവുമില്ല. കേരളത്തിൽ മൂന്നോ നാലോ സീറ്റ് കിട്ടുമെന്നാണ് അവരുടെ തന്നെ വിലയിരുത്തൽ. ശബരിമല വിഷയം മാത്രമല്ല തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. മുന്നോട്ടുവയ്ക്കുന്നത്. ശബരിമല വിഷയം സംബന്ധിച്ച് തൃശൂർ ജില്ലാ കളക്ടർ പാടില്ലെന്ന് പറഞ്ഞ കാര്യമാണ് ബി.ജെ.പി. പ്രകടന പത്രികയിൽ പരസ്യമായി പറഞ്ഞത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരും ഇതേക്കുറിച്ച് പരാതി ഉന്നയിച്ചിട്ടില്ലല്ലോ എന്നും ശ്രീധരൻ പിള്ള പറഞ്ഞു.