തൃശൂർ: 'സാംസ്‌കാരിക തലസ്ഥാനം രാജാജിക്കൊപ്പം 'എന്ന പേരിലുള്ള സാംസ്‌കാരികോത്സവം നാളെ വൈകിട്ട് അഞ്ചിന് സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥി കോർണറിൽ വൈശാഖൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.പി.എ.സി ലളിത, പി.ടി കുഞ്ഞുമുഹമ്മദ്, വി.കെ ശ്രീരാമൻ, ഡോ. എം.പി പരമേശ്വരൻ, എൻ. രാധാകൃഷ്ണൻ നായർ, ഡോ. കെ.പി മോഹനൻ, പൊന്ന്യം ചന്ദ്രൻ, ടി.ഡി രാമകൃഷ്ണൻ, വയലാർ ശരത്ചന്ദ്ര വർമ്മ തുടങ്ങി നൂറിലധികം കലാകാരന്മാരും എഴുത്തുകാരും പങ്കെടുക്കും. ഡിണ്ടിഗലിൽ നിന്നുള്ള ശക്തി പെൺ പോർപറൈ സംഘം പറൈയാട്ടം അവതരിപ്പിക്കും. പുരുഷന്മാർ മാത്രം ഉപയോഗിച്ചിരുന്ന പറൈ എന്ന വാദ്യോപകരണം പരിശീലിച്ച് അവതരിപ്പിക്കുക വഴി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയരായ സംഘമാണ് പറൈയാട്ടം അവതിരിപ്പിക്കുന്നത്. തിരുവാതിര, സ്‌കിറ്റ്, പാട്ടുകൾ തുടങ്ങി നിരവധി കലാപരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറും. സംഘാടക സമിതി ചെയർപേഴ്‌സൻ പ്രൊഫ. ടി.എ ഉഷാകുമാരി, കൺവീനർ സി. വി പൗലോസ്, ഡോ. എം. എൻ വിനയകുമാർ, അഡ്വ. ആശ ഉണ്ണിത്താൻ, പി. എസ് ഇക്ബാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.