ചാലക്കുടി: പൂലാനി പൂത്തുരുത്തി തോട്ടിലെ താത്കാലിക തടയണ നിർമ്മാണം കർഷകർക്ക് ആശ്വാസമായി. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശാനുസരണം കർഷകരാണ് ഇവിടെ താത്കാലിക തടയണകൾ ഉയർത്തിയത്. വേനലിൽ വെള്ളമില്ലാതെ നട്ടം തിരിയുന്ന കർഷകർക്ക് തടയണ നൽകിയ ആശ്വാസം ചെറുതല്ല. ഇതോടെ സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തുന്നതിന് സൗകര്യമായി.

എല്ലായിടിത്തും കിണറും കുളങ്ങളും സമ്പുഷ്ടമായി. ഇവയിൽ നിന്നും മോട്ടോർ ഉപയോഗിച്ചുള്ള പമ്പിംഗും ഇപ്പോൾ സുഗമമായി നടക്കുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 32 ലക്ഷം രൂപ ഉപയോഗിച്ച് ഇവിടെ സ്ഥിരം തടയണ നിർമ്മിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കരാർ സംബന്ധിച്ച് കാലതാമസം നേരിട്ടു. ഇതേത്തുടർന്നാണ് കൊടും വേനൽ മറികടക്കാൻ കർഷകർ താത്കാലിക തടയണയെന്ന ഉദ്യമത്തിന് മുതിർന്നത്. ഇതിന്റെ ചിലവ് പഞ്ചായത്തിൽ നിന്നും നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ ഇപ്പോൾ തടണയണ നിർമ്മാണം ആരംഭിച്ചാൽ കാലവർഷത്തിന് മുമ്പ് പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയും ഉടലെടുക്കുന്നു. അങ്ങനെയെങ്കിൽ ഇനി കാലവർഷത്തിന് ശേഷമാകും നിർമ്മാണം തുടങ്ങുക.