ഗുരുവായൂർ: ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വിഷുസംക്രമ ദിനമായ ഞായറാഴ്ച ലക്ഷദീപാർച്ചന നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും, സാംസ്‌കാരിക സദസ്സും നടക്കും. പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. ദീപാർച്ചനയ്ക്ക് വേണ്ടതായ സിറാമിക് ചെരാതുകൾ, തിരികൾ, ചന്ദനതിരികൾ, കർപ്പൂരം, സാമ്പ്രാണി, നെയ്യ്, എള്ളെണ്ണ എന്നിവ ഭക്തജനങ്ങൾക്ക് കാണിയ്ക്കയായി മുൻകൂട്ടി സമർപ്പിക്കാവുന്നതാണ്.

മേയ് മാസം 3 മുതൽ 13 കൂടിയ ദിവസങ്ങളിൽ തന്ത്രി പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നവീകരണകലശവും നടക്കും. നവീകരണകലശത്തോട് അനുബന്ധിച്ച് വിശേഷാൽ പൂജകൾ, അലങ്കാരങ്ങൾ എന്നിവയും, ദിവസവും അന്നദാനവുമുണ്ടാകും. നവീകരണകലശം നടക്കുന്ന എല്ലാ ദിവസവും വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സാംസ്‌കാരിക സദസ്, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ, പ്രഭാഷണങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

70 ലക്ഷം രൂപയാണ് നവീകരണ കലശത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ മൂന്നിന് വിജയൻ നായർ, അഡ്വ. മുള്ളത്ത് വേണുഗോപാൽ, കെ. സുകുമാരൻ, സി. അച്യുതൻ നായർ എന്നിവർ സംബന്ധിച്ചു.