ചാലക്കുടി: അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ചാലക്കുടി നഗരസഭാ ജംഗ്ഷനിൽ ഗതാഗത പരിഷ്‌കരണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ട്രാഫിക് കമ്മിറ്റി യോഗം ചേർന്നാണ് നഗരത്തിലെ യാത്രയെ കാര്യമായി ബാധിക്കുന്ന തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇതു പ്രകാരം മുനിസിപ്പൽ ജംഗ്ഷനിൽ നിന്നും തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്ക് ദേശീയപാത മുറിഞ്ഞു കടക്കാനാകില്ല.

മാള ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെ സൗത്ത് ജംഗ്ഷനിൽ കൂടിയായിരിക്കും നഗരത്തിലേക്ക് കടത്തിവിടുക. ട്രങ്ക് റോഡ് ജംഗ്ഷനിൽ നിന്നും ഇനി മുതൽ എൻ.എച്ച് സർവീസ് റോഡിലേക്ക് വാഹനങ്ങൾ കടത്തി വിടില്ല. തൃശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കോസ്‌മോസ് ക്ലബ്ബിനടുത്തു വച്ച് ഇടതു ഭാഗത്തെ സർവീസ് റോഡിലേക്ക് തിരിച്ചുവിടും. ഈ വാഹനങ്ങൾ തുടർന്ന് സൗത്ത് ജംഗ്ഷനിൽ എത്തിയായിരിക്കും മേൽപ്പാലത്തിലേക്കോ അല്ലെങ്കിൽ സർവീസ് റോഡിലേക്കോ കടത്തിവിടുക.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും തൃശൂരിലേക്കുള്ള നിലവിലുള്ളതു പോലെ സർവീസ് സർവീസ് റോഡിലൂടെ പോയി ദേശീയ പാതയിലേക്ക് കടക്കും. എന്നാൽ എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇനിമുതൽ മുനിസിപ്പൽ ജംഗ്ഷനിൽ വച്ച് തിരിച്ചു വിടും. തുടർന്ന് ഇവ ഹൈവേയുടെ വലതു ഭാഗത്തു കൂടിയായിരിക്കും കടന്നു പോവുക. കോടതി ജംഗ്ഷനിൽ നടന്നു വരുന്ന അടിപ്പാത നിർമ്മാണം റോഡിന്റെ മദ്ധ്യത്തിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായാണ് പടിഞ്ഞാറെ ഭാഗത്തെ ഗതാഗത നിയന്ത്രണം. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം നഗരത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.